കണ്ണൂർ പറശിനിക്കടവ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പറശിനിക്കടവിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തളിപ്പറമ്പ് പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. കേസിൽ ഡി.വൈ.എഫ്.ഐ ആന്തൂർ മേഖലാ സെക്രട്ടറി നിഖിൽ തളിയിൽ ഉൾപ്പടെ അഞ്ചുപേരാണ് പൊലീസ് കസ്റ്റഡിയിലായത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പ്രതികൾക്ക് വേണ്ട സഹായം ചെയ്ത ലോഡ്ജ് മാനേജര്‍ പറശിനിക്കടവിലെ പവിത്രന്‍, മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് DYSP കെ.വി വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആകെ 15 കേസുകളിലായി പെൺകുട്ടിയുടെ പിതാവുൾപ്പെടെ 19 പ്രതികളാണുള്ളത്. 8 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ആന്തൂർ മേഖലാ സെക്രട്ടറി നിഖിൽ തളിയിൽ, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വൈശാഖ്, മിഥുൻ, മൃദുൽ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
തളിപ്പറമ്പ് പോലീസ് കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തിട്ടുള്ളത്. വളപട്ടണം പോലീസ് സ്റ്റേഷനിൽ അഞ്ചും പഴയങ്ങാടിയിൽ രണ്ടും എടക്കാട് കുടിയാന്മല എന്നിവിടങ്ങളിൽ ഓരോ കേസുമാണ് നിലവിലുള്ളത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ പീഡന കേസിൽ പ്രതികളായ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പിൽ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായ നിഖിൽ, തളിയിൽ ആന്തൂർ നഗരസഭ ചെയർപേഴ്സന്‍റെ താൽക്കാലിക ഡ്രൈവറുമായിരുന്നു. ഇവർ ഉൾപ്പടെയുള്ള ഡി.വൈ.എഫ്.ഐ നേതാക്കൾ പിടിയിലായത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും.s