അഞ്ചിടത്തും നെഞ്ചിടിപ്പോടെ സി.പി.എം

Jaihind Webdesk
Sunday, September 22, 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ് കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഇതുവരെയും എല്‍.ഡി.എഫിനായിട്ടില്ല. ആ സാഹചര്യത്തിലാണ് അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അതോടെ ഇടതിന്റെ നെഞ്ചിടിപ്പ് ഉച്ഛസ്ഥായിയില്‍ ആയി എന്നതാണ് അവസ്ഥ. കേരളത്തിന്റെ സമഗ്രമായ വിലയിരുത്തലായിരിക്കും ഈ അഞ്ചിടത്തെയും തെരഞ്ഞെടുപ്പ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫാണ് മുന്നിട്ട് നിന്നത് എന്നത് എല്‍.ഡി.എഫിന്റെ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും മൂന്നാംസ്ഥാനത്തായിരുന്നു എല്‍.ഡി.എഫിന്റെ സ്ഥാനം എന്നതുംകൂടിയാകുമ്പോള്‍ രാഷ്ട്രീയ ചിത്രം വ്യക്തമാണ്. ഇതുതന്നെയാണ് പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും ഉറക്കം കെടുത്തുന്നതും.
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കുന്നത് സി.പി.എമ്മാണ്. ലോക്‌സഭാതെരഞ്ഞെടുപ്പിലെപ്പോലെ സ്ഥാനാര്‍ത്ഥികളെ ആദ്യമേ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കമാണ് സി.പി.എം ഉദ്ദേശിക്കുന്നത്. ലോക്‌സഭയിലെ മിന്നും വിജയം തന്നെ ഈ ഉപതെരഞ്ഞെടുപ്പുകൡും ആവര്‍ത്തിക്കുമെന്നുതന്നെയാണ് വിലയിരുത്തല്‍. യു.ഡി.എഫില്‍ മഞ്ചേശ്വരത്ത് മത്സരിക്കുന്നത് മുസ്ലിം ലീഗും മറ്റിടങ്ങളില്‍ കോണ്‍ഗ്രസുമാണ്.