കൊവിഡ് കാരണം അടച്ചിട്ട തിയേറ്ററിന് അഞ്ചര ലക്ഷം വൈദ്യുതി ബിൽ ; കെ.എസ്.ഇ.ബിയുടെ ഇരുട്ടടി

Jaihind News Bureau
Thursday, January 7, 2021

 

കൊച്ചി : കൊവിഡ് കാരണം മാർച്ച് മുതൽ അടച്ചിട്ട തിയേറ്ററിന് അഞ്ചര ലക്ഷം രൂപയുടെ വൈദ്യുതി ബിൽ നൽകി കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. കോട്ടയം പള്ളിക്കത്തോടിലെ അഞ്ചാനി തിയറ്റർ ഉടമ  ജിജി അഞ്ചാനിക്കാണ് ദുരവസ്ഥ. സംസ്ഥാനത്തെ സിനിമ മേഖല നിലവിൽ അനുഭവിക്കുന്ന പ്രതിസന്ധിയുടെ നേർ ചിത്രത്തിന്‍റെ ഒരേട് മാത്രമാണിത്.

2019 ഡിസംബറിലാണ് യുവസംരംഭകൻ ജിജി അഞ്ചാനി സിനിമാസ് എന്ന മൾട്ടിപ്ലക്സ് തിയേറ്റർ തന്‍റെ നാട്ടിൽ തന്നെ ആരംഭിച്ചത്. മാർച്ചിൽ എല്ലാ തിയേറ്ററുകൾക്കും ഒപ്പം അഞ്ചാനി സിനിമാസും അടച്ചിട്ടു. ഇങ്ങനെ അടച്ചിട്ട തിയറ്ററിനാണ് അഞ്ചര ലക്ഷത്തിന്റെ വൈദ്യുതി ബില്ല് ലഭിച്ചത്. 18% ജി.എസ്.ടിക്ക് പുറമെ വിനോദനികുതി കൂടി ഏർപ്പെടുത്തി നടുവൊടിച്ചാൽ ഒരു തിയറ്റർ ഉടമയ്ക്കും തിരിച്ചുവരാൻ കഴിയില്ലെന്നും മുഖ്യമന്ത്രി തിയേറ്ററുകൾ തുറക്കാൻ പറയുകയല്ലാതെ മറ്റാരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ജിജി പറയുന്നു.

സിനിമ തിയേറ്റർ തുറന്നാൽ ആളുകൾ ഉണ്ടാകുമെന്നുറപ്പാണ് എന്നാൽ നിലവിലെ നിർദേശങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കാൻ കഴിയില്ലെന്നും ജിജി വ്യക്തമാക്കുന്നു. തിയേറ്റർ തുടങ്ങിയ വകയിൽ ഏഴ് കോടി രൂപ ബാധ്യതയുണ്ടെന്നും ഇനിയും ഇതേ നില തുടർന്നാൽ  ആത്മഹത്യ അല്ലാതെ മുൻപിൽ മറ്റ് വഴിയില്ലെന്നും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും പള്ളിക്കാത്തോട് പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ ജിജി വ്യക്തമാക്കി.