രണ്ടു മാസത്തെ ട്രോളിങ്ങും കൊവിഡും തീർത്ത വറുതിയുടെ കാലത്തിന് ശേഷം കോഴിക്കോട് പുതിയാപ്പ കൊയിലാണ്ടി കടപ്പുറത്തെ മൽസ്യ ബന്ധന തൊഴിലാളികൾ ഉൾക്കടലിലേക്ക് യാത്ര പുറപ്പെട്ടു. കൊവിഡിന്‍റെ കാലത്തും അസൗകര്യങ്ങളുടെ നടുവിലുമാണ് ഇപ്പോഴും കടലിന്‍റെ മക്കൾ.
ഇന്നലെ അർദ്ധ രാത്രിയോടെയോടെയാണ് നീണ്ട ഇടവേളയ്ക്കു ശേഷം മത്സ്യ തൊഴിലാളികൾ പ്രതീക്ഷയോടെ യാത്രതിരിച്ചത്. സാധാരണ രണ്ടു മാസത്തെ ട്രോളിങ് കഴിഞ്ഞാൽ മൽസ്യ ബന്ധനത്തിന് അനുമതി ലഭിക്കാറുണ്ട്. ബോട്ടിന്‍റെ അറ്റകുറ്റപ്പണികളും വല കെട്ടി ഉറപ്പിക്കലുമെല്ലാം ഈ സമയത്തിനകം പൂർത്തിയാകും. എന്നാൽ കൊവിഡ് തീർത്ത പ്രതിസന്ധിക്കിടയിൽ ഇതെല്ലാം നിലച്ചു.
ലക്ഷങ്ങൾ ചിലവഴിച്ച് മൽസ്യ ബന്ധനത്തിന് ഇത്തവണ പോകുന്നത് ആശങ്കകൾ ബാക്കിയാക്കി. ജില്ലയിലെ 300 ബോട്ടുകളിൽ 150 ബോട്ടുകളാണ് ഇത്തവണ മൽസ്യ ബന്ധനത്തിനായി യാത്രയാവുന്നത്. ഒരു ബോട്ടിൽ പത്തു മുതൽ പന്ത്രണ്ടു ജീവനക്കാർ. തീരത്തു കാത്തിരിക്കുന്നവർ ഇതിന്‍റെ പതിന്മടങ്ങാണ്. കൊവിഡ് തീർത്ത ദുരിതക്കയത്തിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിലാണ് ഓരോ മത്സ്യത്തൊഴിലാളിയും.