കേന്ദ്രത്തില്‍ കടബാധ്യത കോട്ടകെട്ടുന്നു; തെറ്റായ സാമ്പത്തിക നയങ്ങള്‍ ഖജനാവ് കാലിയാക്കി

Jaihind Webdesk
Monday, January 14, 2019

ന്യൂഡല്‍ഹി: കേന്ദ്രനിലപാടുകള്‍ നിലവിലെപ്പോലെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഇന്ത്യ കടബാധ്യതകളില്‍ നിന്ന് മുക്തമാകില്ലെന്ന് വിലയിരുത്തല്‍. നിക്ഷേപങ്ങളെപ്പോലും കാര്യമായി ബാധിക്കുന്ന നിലയിലേക്കാണ് ധനകമ്മി ഉയരുന്നത്. മൊത്തം സമ്പദ് വ്യവസ്ഥയുടെ (ജിഡിപി) 3.3% ആയി കമ്മി ചുരുക്കുകയായിരുന്നു ബജറ്റില്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. മുന്‍വര്‍ഷത്തെ പോലെ, ഇതു 3.5 % ആകുമെന്നാണ് നിലവില!!െ പ്രവചനങ്ങള്‍.തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ സര്‍ക്കാരിനു കൂടുതല്‍ വെല്ലുവിളി നല്‍കുന്നതാണ് കണക്കുകളും.

ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന മൊത്തം കമ്മി 6.24 ലക്ഷം കോടി രൂപയായിരുന്നു (ജിഡിപിയുടെ 3.3%). എന്നാല്‍, അര്‍ധവാര്‍ഷിക കണക്കില്‍ ഇതു 7.16 ലക്ഷം കോടി രൂപയായി. ലക്ഷ്യമിട്ടതിന്റെ 114.8 %. ഇതേ കാലയളവില്‍ കഴിഞ്ഞവര്‍ഷം 112 % ആയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം ധനകമ്മി പ്രതീക്ഷിച്ചതു പോലെ ചുരുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇതു തുടര്‍ന്നാല്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കുള്ള നീക്കം അപകടത്തിലാവും. ജിഎസ്ടി വരുമാനത്തിലെ ഇടിവ്, ഇന്ധനവിലയിലെ എക്‌സൈസ് തീരുവയില്‍ വരുത്തിയ കുറവ് തുടങ്ങിയവയൊന്നും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചതുപോലെയല്ല പ്രവര്‍ത്തിച്ചത്. പരാജയമായി എന്നുള്ളതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുമേഖലയുടെ ഓഹരി വില്‍പനയിലൂടെ സര്‍ക്കാര്‍ ഇക്കൊല്ലം സമാഹരിക്കാന്‍ ലക്ഷ്യമിട്ട 80,000 കോടിയില്‍ 15,000 കോടി രൂപ വരെ കുറയുമെന്നാണ് വിലയിരുത്തല്‍.വ്യാവസായിക മേഖലയിലും കാര്യമായ നേട്ടമുണ്ടാകുന്നില്ലെന്നാണ് വിവരം.