തിരുവനന്തപുരം : പാലക്കാട് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഏറ്റവും അധികം ഉയര്‍ത്തിക്കാട്ടിയ നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് രാഹുല്‍ നിവേദനം നല്‍കിയത്.
നെല്ലിന്റെ സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ വലിയ ദുരിതത്തില്‍ ആണെന്നും താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്നും എംഎല്‍എ നിവേദനത്തില്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മന്ത്രിമാരും എല്‍ഡിഎഫ് എംഎല്‍എമാരും നെല്‍ കര്‍ഷകര്‍ ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയെന്നും അത് നടപ്പാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. നെല്ലിന് കിലോയ്ക്ക് 31 രൂപ എങ്കിലും നല്‍കി കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കണം, സംഭരിച്ച നെല്ലിന്റെ വില ഉടന്‍തന്നെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കണം, കുടിശ്ശികയായിട്ടുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ കൈമാറണം, സംഭരണം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ കൃത്യമായ സംവിധാനം ഉണ്ടാകണം, സംഭരണത്തില്‍ ഇടനിലക്കാരെ ഒഴിവാക്കണം, രാസവള വില വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെടല്‍ ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉണ്ട്.