ജാമിയ മില്ലിയയില്‍ വീണ്ടും വെടിവെപ്പ് ; നാല് ദിവസത്തിനിടയില്‍ മൂന്നാമത്തെ വെടിവെപ്പ് ; ഡി.സി.പിയെ നീക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Jaihind News Bureau
Monday, February 3, 2020

ന്യൂഡല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വീണ്ടും വെടിവെപ്പ്. സ്‌കൂട്ടറിലെത്തിയ രണ്ട് പേരാണ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്. വെടിവെപ്പില്‍ ആളപായമില്ല. സര്‍വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപത്താണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ രാത്രി ഏറെ വൈകിയും സ്ഥലത്ത് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. തുടർന്ന് ജാമിയ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്ക് നേരെ നാല് ദിവസത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ വെടിവെപ്പാണിത്. സംഭവത്തെ തുടർന്ന് സൌത്ത് ഈസ്റ്റ് ഡി.സി.പി ചിന്മയ് ബിസ്വാളിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. പകരം കുമാർ ഗ്യനേഷ് ചുമതലയേല്‍ക്കും. സംഭവം ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം നല്‍കി. കഴിഞ്ഞ ദിവസം രാത്രി 11.50 ഓടെയാണ് ചുവന്ന സ്കൂട്ടറിലെത്തിയ രണ്ടംഗ അക്രമി സംഘം ജാമിയയിലെ അഞ്ചാം നമ്പർ ഗേറ്റിന് സമീപത്ത് വെടിവെപ്പ് നടത്തിയത്. വെടിയുതിർത്തതിന് ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ക്യാമ്പസിന് മുന്നിലെ വെടിവെപ്പിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ രാത്രിതന്നെ രംഗത്തെത്തി. പ്രതിഷേധിച്ച വിദ്യാർത്ഥികൾ അക്രമികളെ പിടികൂടണമെന്ന ആവശ്യമുന്നയിച്ച് ജാമിയ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

അതേസമയം ഡൽഹിയിലെ ഷഹീൻ ബാഗിൽ കഴിഞ്ഞ ദിവസം വെടിവെപ്പ് നടത്തിയ പ്രതിയെ കോടതി രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡല്‍ഹി സാകേത് കോടതിയാണ് പ്രതി കപിൽ ഗുജ്ജാറിനെ റിമാൻഡ് ചെയ്തത്. ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ശനിയാഴ്ച വൈകിട്ടോടെ വെടിവെപ്പ് ഉണ്ടായത്.

നേരത്തെ ജാമിയ മില്ലിയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ മാര്‍ച്ചിന് നേരെയാണ് വെടിവെപ്പ് നടന്നത്. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചെത്തിയ രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് വെടിവെപ്പില്‍ പരിക്കേറ്റു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. ബി.ജെ.പി മന്ത്രിമാരുടെയും നേതാക്കളുടെയും വിദ്വേഷ ആഹ്വാനമാണ് ഇത്തരത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക്പിന്നിലെന്ന ആക്ഷേപം ശക്തമാണ്.