സെക്രട്ടറിയേറ്റിൽ തീപിടിത്തം; തീപിടിച്ചത് പ്രോട്ടോക്കോൾ വിഭാഗം സ്ഥിതിചെയ്യുന്ന പൊതുഭരണവകുപ്പ് ഓഫീസില്‍; ഫയലുകള്‍ കത്തി നശിച്ചു | VIDEO

Jaihind News Bureau
Tuesday, August 25, 2020

സെക്രട്ടറിയേറ്റിൽ തീപിടിത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് റിപ്പോർട്ട്. അഗ്നിശമന സേന എത്തി തീ അണച്ചു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

വൈകിട്ട് 4.45 ഓടെയാണ് സെക്രട്ടേറിയറ്റിൽ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കത്തിനശിച്ച ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ല. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല.

അതേസമയം, ഗസ്റ്റ് ഹൗസുകളിൽ റൂം ബുക്കിംഗുമായി ബന്ധപ്പെട്ട ഏതാനും ഫയലുകൾ മാത്രമാണ് കത്തിയതെന്നാണ് പൊതുഭരണ വകുപ്പിന്‍റെ വിശദീകരണം. ചെങ്കൽചൂളയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷിക്കുന്ന ഫയലുകൾ അടക്കം സൂക്ഷിക്കുന്ന സ്ഥലത്ത് തീപിടുത്തമുണ്ടായതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇലക്ട്രിക് വയറിങ്ങിലുണ്ടായ തീപ്പൊരിയെ തുടർന്ന് സമീപ ഫയലുകളിലേക്ക് തീപടർന്നു എന്നാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

https://www.facebook.com/JaihindNewsChannel/videos/791985058217005/

പ്രോട്ടോക്കോള്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ദുരൂഹംമെന്ന് പികെ കുഞ്ഞാലി കുട്ടി എംപി. എൻഐഎ യും, മറ്റു അന്വേഷണ ഏജൻസികളും ആവശ്യപ്പെട്ടത് പ്രോട്ടോകോൾ വിഭാഗത്തിലെ രേഖകളാണ്. അത് കൊണ്ട് ഈ വിഭാഗത്തിൽ തന്നെ തീപിടിത്തം ഉണ്ടായത് അത്ര ദഹിക്കുന്നതല്ലന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തം ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. സർക്കാർ നേരിടുന്ന സ്വർണക്കടത്ത് ആരോപണം അടക്കമുള്ള നിർണായക വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ദുരൂഹത ഉയർത്തുന്നതാണ്. സുപ്രധാന രേഖകൾ ഉണ്ടായിരുന്ന പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന അട്ടിമറിയെക്കുറിച്ച് സംസ്ഥാന സർക്കാർ ഏജൻസികൾ അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്ത് വരില്ല. പൊതുജന താൽപര്യം മുൻനിർത്തി ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് ബെന്നി ബഹനാൻ ആവശ്യപ്പെട്ടു