പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്പെന്‍റ് ചെയ്തു. മുൻപ് നടന്ന സഞ്ജിത്ത് കൊല കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. 2017 ലാണ് ഫയർഫോഴ്സ് സര്‍വീസില്‍ പ്രവേശിക്കുന്നത്. 14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. പ്രതികാരക്കൊലയ്ക്ക് ആര്‍എസ്എസ് നേതാക്കളുടെ വിവരം ജിഷാദ് ശേഖരിച്ചു നൽകിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ജിഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജിഷാദിന് അർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലക്കേസിലും പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. അതിനിടെ സഞ്ജിത്ത് കൊലക്കേസിൽ അറസ്റ്റിലായ സർക്കാർ സ്കൂൾ അദ്ധ്യാപകൻ ബാവയെ പോലിസ് കസ്റ്റഡിയിൽ വാങ്ങി. ജിഷാദിനേയും ബാവയേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തേക്കും.