ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിംഗ് സെന്‍ററില്‍ തീപിടിത്തം; കുട്ടികളുള്‍പ്പെടെ 20 പേർ വെന്തുമരിച്ചു

 

രാജ്കോട്ട്/ഗുജറാത്ത്: രാജ്കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 20 പേർ വെന്തുമരിച്ചു. ടിആർപി ഗെയിം സോണിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിറ്റുണ്ട്. ഇതിന്‍റെ കൃത്യമായ കണക്കുകള്‍ രക്ഷാപ്രവർത്തനം പൂർത്തിയായതിന് ശേഷമേ വ്യക്തമാകൂവെന്ന് രാജ്‌കോട്ട് മുനിസിപ്പൽ കമ്മീഷണർ ആനന്ദ് പട്ടേൽ പറഞ്ഞു. മരിച്ചവരില്‍ 12 പേർ കുട്ടികളാണെന്നും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. രക്ഷാപ്രവർത്തനം തുടരുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പോലീസ് കമ്മീഷണർ രാജു ഭാർഗവ പറഞ്ഞു. അവധിക്കാലമായതിനാൽ സെന്‍ററിൽ ഒട്ടേറെ കുട്ടികൾ എത്തിയിരുന്നു. എസിയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. യുവരാജ് സിംഗ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിംഗ് സെന്‍റർ. ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ 60 പേരിലധികം ഗെയിമിംഗ് സോണിലുണ്ടായിരുന്നെന്നാണ് വിവരം.

താൽക്കാലികമായി നിർമിച്ച ഗെയിമിംഗ് സോൺ പൂർണ്ണമായും മരം കൊണ്ട് നിർമ്മിച്ചതായതിനാല്‍ തീ പെട്ടെന്ന് പടരാന്‍ കാരണമായി. സംഭവസമയത്ത് ശക്തമായ കാറ്റ് വീശിയതും തിരിച്ചടിയായി. സംഭവത്തില്‍ ഗുജറാത്ത് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തര രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേൽ അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. വേനൽ അവധിയായതിനാൽ ഗെയിം സോണില്‍ ധാരാളം ആളുകൾ ഉണ്ടായിരുന്നതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്.

Comments (0)
Add Comment