പ്ലാസ്റ്റിക് നിരോധനം : ഇന്ന് മുതല്‍ പിഴ ; ആദ്യ നിയമ ലംഘനത്തിന് 10,000

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ ഇന്ന് മുതൽ പിഴ ഈടാക്കും. അതേ സമയം പ്ലാസ്റ്റിക് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികൾ കടയടപ്പ് സമരം നടത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക്കിന് പകരം കൃത്യമായ ബദൽ സംവിധാനം ഒരുക്കാത്തതും പ്രതിഷേധങ്ങൾക്ക് കാരണമായി.

ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക്ക് നിരോധന നിയമം പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിലും പിഴ ഈടാക്കുന്നത് ജനുവരി 15 ലേക്ക് നീട്ടുകയായിരുന്നു. ആദ്യ നിയമലംഘത്തിന് 10,000 രൂപയാണ് പിഴ. രണ്ടാം തവണ 25,000, മൂന്നാം തവണ 50,000 രൂപയാണ് പിഴ ഈടാക്കുക. ഒപ്പം സ്ഥാപനത്തിന്‍റെ നിർമാണ അനുമതിയും പ്രവർത്തന അനുമതിയും റദ്ദാക്കും. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് കർശന നടപടി.

കളക്ടർമാർ, സബ് കളക്ടർമാർ, തദ്ദേശ ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല. പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്‌ളക്‌സ് ഉൽപന്നങ്ങൾ, 500 മില്ലി ലിറ്ററിന് താഴെയുള്ള കുടിവെള്ളക്കുപ്പികൾ, ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പ്, പ്ലാസ്റ്റിക് പ്ലേറ്റ്, പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്‌ട്രോ, പാത്രങ്ങൾ, പി.വി.സി ഫ്‌ളക്‌സ് ഉൽപന്നങ്ങൾ എന്നിവയ്ക്കും നിരോധനമുണ്ട്. ബെവ്‌കോ, കേരഫെഡ്, മിൽമ, ജല അതോറിറ്റി, സപ്ലെക്കോ, ഐ.എസ്.ഒ, ഐ.എസ്.ഐ ലേബൽ പതിപ്പിച്ച ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്ക് പിഴ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിരോധനത്തിൽ ഏകീകരണം ഇല്ലാത്തത് വൻകിട കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Plastic
Comments (0)
Add Comment