പട്ടിണി മരണങ്ങള്‍ ഒഴിവാക്കാന്‍ സമാശ്വാസ പാക്കേജും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉത്തേജക പാക്കേജും പ്രഖ്യാപിക്കണം; പ്രധാനമന്ത്രിയോട് എ.കെ.ആന്‍റണി

Jaihind News Bureau
Saturday, May 9, 2020

ന്യൂഡല്‍ഹി: പട്ടിണി മരണങ്ങള്‍ ഒഴിവാക്കാന്‍ സമഗ്രവും ശക്തവുമായ സാമ്പത്തിക സമാശ്വാസ പാക്കേജും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉത്തേജക പാക്കേജും എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അടിയന്തരമായി സര്‍ക്കാരിന്‍റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ നിരവധി പട്ടിണി മരണങ്ങള്‍ രാജ്യത്തുണ്ടാകുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ദിവസംതോറും കൂടിവരികാണ്. രാജ്യത്തിന്റെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം പേരും സങ്കീര്‍ണ്ണമായി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലവും തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നത് മൂലവും ബുദ്ധിമുട്ടിലും മാനസിക സംഘര്‍ഷത്തിലുമാണ്. ഇന്ത്യയിലെ അധ്വാന വര്‍ഗത്തിന്റെ 80 ശതമാനം വരുന്ന കര്‍ഷകര്‍, ദിവസ തൊഴിലാളികള്‍ എന്നിങ്ങനെ അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരുടെ വരുമാനത്തിലും വേതനത്തിലും പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ചയിലും ഇടിവ് സംഭവിച്ചു. കോടിക്കണക്കിന് വരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്. പരിമിതമായ സാഹചര്യങ്ങളില്‍ ഇവര്‍ക്ക് അവരുടെ ഗ്രാമങ്ങളില്‍ ജോലി കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടാകും.

കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ച ആദ്യ സാമ്പത്തിക പാക്കേജ് ഭാഗികമായി ആശ്വസം നല്‍കിയിരുന്നു. എന്നാല്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് സ്ഥിരമായ സമ്പത്തിക സഹായം അനിവാര്യമാണ്. അതല്ലെങ്കില്‍ പട്ടിണി മരങ്ങള്‍ വര്‍ദ്ധിക്കും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ ഇനിയും വൈകാതെ, അടിയന്തിര ഇടപെടല്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കത്തില്‍ എ.കെ.ആന്‍റണി ആവശ്യപ്പെട്ടു.