തട്ടിപ്പ് കേസ്: കുമ്മനത്തിനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ; പരാതിക്കാരന് പണം തിരികെ നല്‍കാന്‍ നീക്കം

Jaihind News Bureau
Friday, October 23, 2020

 

ബിജെപി നേതാവും  മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. പരാതിക്കാരന് പണം തിരിച്ച് നല്‍കിയുളള ഒത്തുതീര്‍പ്പ് ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കുമ്മനം  അടക്കം അഞ്ച് പേരെ പ്രതികളാക്കിയാണ് സാമ്പത്തിക തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കും ആറന്മുള പൊലീസ് കേസെടുത്തത്. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്സ് ബാനര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്നാണ് ആറന്മുള സ്വദേശിയുടെ പരാതി. കുമ്മനത്തിന്‍റെ പി എ പ്രവീണ്‍.വി. പിള്ളയാണ് കേസിലെ ഒന്നാം പ്രതി. കുമ്മനം രാജശേഖരന്‍ നാലാം പ്രതിയാണ്. പരാതിക്കാരന് പണം തിരിച്ച് നല്‍കിയുളള ഒത്തു തീര്‍പ്പ് ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ശബരിമല ദേവപ്രശ്നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോതിഷി പുത്തേഴത്ത് ഇല്ലം സി.ആര്‍. ഹരികൃഷ്ണനാണ് കുമ്മനം അടക്കമുളളവര്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ഇദ്ദേഹത്തിന് പണം തിരികെ നല്‍കാന്‍ ന്യൂ ഭാരത് ബയോ ടെക്‌നോളജീസ് ഉടമ വിജയന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. പ്രശ്‌നപരിഹാരത്തിനു രാഷ്ട്രീയ സമ്മര്‍ദമുള്ളതായും വിവരമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായതിന്‍റെ ആഘാതത്തിലാണ് ബി.ജെ.പി സംസഥാന ഘടകം.

കേസ് -നിയമ നടപടികളിലേക്കു കടക്കും മുന്‍പ് പരിഹരിക്കാനുളള ശ്രമമാണ് ഇപ്പോള്‍ പാര്‍ട്ടി തലത്തില്‍ നടന്നുവരുന്നത്. 2018 ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു വേളയിലാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. മിസോറം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍ ശബരിമലയിലെത്തിയപ്പോഴും ചര്‍ച്ച നടത്തി. കുമ്മനത്തിന്‍റെ പഴ്‌സനല്‍ സെക്രട്ടറി പ്രവീണും പാര്‍ട്‌ണര്‍ഷിപ് എടുക്കാന്‍ നിര്‍ബന്ധിച്ചു. കമ്പനിയുടെ പേരില്‍ കൊല്ലങ്കോട് കനറാ ബാങ്ക് ശാഖയിലേക്കു 36 ലക്ഷം രൂപ കൈമാറി.തുടങ്ങിയ കാര്യങ്ങളാണ് പരാതയില്‍ പറയുന്നത്.

പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്നും 500 രൂപയുടെ പത്രത്തില്‍ കരാര്‍ എഴുതി ബ്ലാങ്ക് ചെക്ക് സഹിതം നല്‍കി. പണം മടക്കി ചോദിച്ചപ്പോള്‍ പലപ്പോഴായി 4 ലക്ഷം കിട്ടി. ശേഷിച്ച പണം കിട്ടാതെ വന്നപ്പോഴാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയതേന്നും പാരാതിക്കാരന്‍ വ്യക്തമാക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയന്‍, സേവ്യര്‍, ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍.ഹരികുമാര്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.