ലേബർ ക്യാംപുകളിൽ കഴിയുന്ന പ്രവാസികൾക്ക് ധനസഹായം അനുവദിക്കണം : സതീശൻ പാച്ചേനി

Jaihind News Bureau
Monday, April 13, 2020

കൊവിഡ് വ്യാപനത്തിൻ്റെ ദുരിതപൂർണ്ണമായ സാഹചര്യത്തിൽ ഗൾഫ് നാടുകളിൽ തൊഴിലന്വേഷിച്ച് കടന്നുപോയവരും ലേബർ ക്യാംപുകളിൽ കഴിയുന്നവരുമായ പ്രവാസികൾക്ക് ധനസഹായം അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾ ശോചനീയമായ സാഹചര്യത്തിൽ ഗൾഫ് നാടുകളിൽ ലേബർ ക്യാമ്പുളിൽ ആണ് കഴിഞ്ഞുകൂടുന്നത്. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഇടപെടൽ അത്യാവശ്യമാണ്.

വിദേശത്തുള്ള ഇന്ത്യക്കാർ തല്ക്കാലം അവിടെത്തന്നെ തങ്ങണമെന്ന കേന്ദ്രസർക്കാർ താല്പര്യം സുപ്രീംകോടതി കൂടി ശരിവച്ച സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ പ്രയാസങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും ആവശ്യമായ സാമ്പത്തിക സഹായം നൽകി പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വേണ്ടിയുള്ള ആത്മവിശ്വാസം നൽകണമെന്നും കണ്ണൂർ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി പറഞ്ഞു.