ധനമന്ത്രി ഇഡി അന്വേഷണത്തെ ഭയക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, November 17, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനെ കിഫ്ബി അക്കൗണ്ട് ഓഡിറ്റ് ചെയ്യാന്‍ നിയമിച്ചതിനെ തുടര്‍ന്ന് വരാന്‍ പോകുന്ന ഇഡി അന്വേഷണം ഭയന്നാണ് ധനമന്ത്രി തോമസ് ഐസക് നട്ടാല്‍കുരുക്കാത്ത നുണകളുമായി രംഗത്ത് വന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിന് കേട്ടുകേള്‍വിയില്ലാത്തതും കൊടുത്തു തീര്‍ക്കാന്‍ കഴിയാത്തതുമായ സാമ്പത്തിക ബാധ്യത വരുത്തിയ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്നതാണ് കണ്ടത്. അവിശ്വസനീയമായ നുണകളുടെ ഒരു ഘോഷയാത്ര ആയിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

രാജ്യദ്രോഹ കേസിലെ പ്രതികളുമായി ബന്ധമുള്ള വ്യക്തിയെ കിഫ്ബി ഓഡിറ്റിംഗില്‍ കൊണ്ടുവന്നത് ക്രമവിരുദ്ധമായ നടപടിയാണ്. ഇഡി കണ്ടെത്തിയ ശിവശങ്കര്‍ ടീംമിലെ പങ്കാളിയാണോ തോമസ് ഐസക്കെന്നും സംശയിക്കേണ്ടിരിക്കുന്നു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കൂടി അന്വേഷിച്ചാലെ കിഫ്ബിയിലെ ദുരൂഹ ഇടപാടുകളുടെ ചുരുളുകള്‍ അഴിക്കാന്‍ കഴിയൂ. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആരോപണവുമായി ധനമന്ത്രിയും മുഖ്യമന്ത്രിയും രംഗത്ത് വന്നത് വരാന്‍ പോകുന്ന അന്വേഷണത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കിഫ്ബിക്കെതിരായ സിഎജിയുടെ കണ്ടെത്തലുകള്‍ തെറ്റെന്ന് വരുത്താനാണ് മന്ത്രി നുണ പ്രചരണം നടത്തുന്നത്.ആര്‍.ബി.ഐ എന്‍ഒസി നലകിയെന്ന ബലത്തില്‍ മസാല ബോണ്ടുകള്‍ ഇറക്കിയതിന് പിന്നില്‍ വലിയ ക്രമക്കേടുണ്ട്.മുഖ്യമന്ത്രി തന്നെയാണ് മസാല ബോണ്ടുമായി വിദേശ വിപണിയിലെത്തി ബോണ്ട് ആദ്യമായി പുറത്തിറക്കിയത്.

സിഎജിയുടേത് കരട് റിപ്പോര്‍ട്ടാണെന്ന് ആദ്യം കള്ളം പറഞ്ഞ മന്ത്രി സിഎജി വിശദമായ പത്രക്കുറിപ്പ് ഇറക്കിയപ്പോള്‍ മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞു. സിഎജിക്കെതിരെ തുടക്കം മുതല്‍ യുദ്ധപ്രഖ്യാപനം നടത്തിയ ധനമന്ത്രി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പേ ചോര്‍ത്തി പുറത്തുവിട്ടു.ഇതു ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും മുള്ളപ്പള്ളി പറഞ്ഞു.