ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിൽ അന്തിമ വോട്ടർപട്ടിക തയാറായി

Jaihind News Bureau
Wednesday, October 16, 2019

Voters-list-ECI

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജകമണ്ഡലങ്ങളിൽ സപ്ലിമെൻററി പട്ടികയുൾപ്പെടെയുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച ദിവസം വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ കൂടി ഉൾപ്പെടുത്തി ലിസ്റ്റ് ഉൾപ്പെടെയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആണ് ഇക്കാര്യം അറിയിച്ചത്.

2019 ജനുവരിയിലെ വോട്ടർപട്ടികയാണ് തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്നത്. ഇതിനുപുറമേ, ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച ദിവസം വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിച്ച അപേക്ഷകൾ കൂടി പരിശോധിച്ച് അർഹരായവരെ കൂടി ഉൾപ്പെടുത്തി സപ്ലിമെൻററി ലിസ്റ്റ് ഉൾപ്പെടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 30 ലെ അന്തിമപട്ടിക പ്രകാരം മഞ്ചേശ്വരം മണ്ഡലത്തിൽ 2,14,779 വോട്ടർമാരുണ്ട്. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 പേർ സ്ത്രീകളുമാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2,12,086 വോട്ടർമാരാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. 2693 വോട്ടർമാരുടെ വർധനവാണ് ഇത്തവണയുണ്ടായിട്ടുള്ളത്.

എറണാകുളം മണ്ഡലത്തിൽ 1,55,306 വോട്ടർമാരുണ്ട്. ഇതിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്നു ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1,52,401 വോട്ടർമാരാണ് എറണാകുളത്തുണ്ടായിരുന്നത്. ഇത്തവണ 2905 വോട്ടർമാരുടെ വർധനയാണുള്ളത്.

അരൂർ മണ്ഡലത്തിൽ 1,91,898 വോട്ടർമാരാണുള്ളത്. ഇതിൽ 94,153 പുരുഷൻമാരും 97,745 സ്ത്രീകളുമാണുള്ളത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1,89,936 വോട്ടർമാരാണ് അരൂർ നിയമസഭാ മണ്ഡലത്തിൽ ഉണ്ടായിരുന്നത്. 1962 വോട്ടർമാരുടെ വർധനവാണ് ഇത്തവണയുണ്ടായത്.

കോന്നി മണ്ഡലത്തിൽ 93,533 പുരുഷൻമാരും 1,04,422 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ 1,97,956 വോട്ടർമാരുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1,94,705 വോട്ടർമാരാണ് ഈ മണ്ഡലത്തിൽ ആകെയുണ്ടായിരുന്നത്. 3251 വോട്ടർമാർ ഇത്തവണ കൂടിയിട്ടുണ്ട്.

വട്ടിയൂർക്കാവിൽ ആകെ വോട്ടർമാർ 1,97,570 ആണ്. ഇതിൽ 94,326 പേർ പുരുഷൻമാരും 1,03,241 പേർ സ്ത്രീകളുമാണ്. മൂന്നു ട്രാൻസ്‌ജെൻഡറുകളും വോട്ടർപട്ടികയിലുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1,95,601 പേരായിരുന്നു വട്ടിയൂർക്കാവിൽ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽനിന്ന് 1969 വോട്ടർമാർ കൂടിയിട്ടുണ്ട്.