അതിജീവനത്തിനായി സമരം പ്രഖ്യാപിച്ച് സിനിമാ സംഘടനയായ ഇഫ്റ്റ : അർഹമായ പരിഗണന കൊവിഡ് കാലത്ത് ലഭിക്കണമെന്ന് ആവശ്യം

Jaihind Webdesk
Friday, July 23, 2021

കൊവിഡ് കാലത്തെ അതിജീവനത്തിനായി സമരം പ്രഖ്യാപിച്ച് സിനിമാ സംഘടനയായ ഇഫ്റ്റ . ഐ എൻ ടി സി യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലാണ് ഇഫ്റ്റ സമര പ്രഖ്യാപനം നടത്തിയത് . സിനിമാ തൊഴിലാളികളുടെ സമരപ്രഖ്യാപനം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സിനിമ മേഖലയ്ക്കും സിനിമാ പ്രവർത്തകർക്കും അർഹമായ പരിഗണന കൊവിഡ് കാലത്ത് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരവുമായി മുന്നോട്ട് പോകാൻ ഇഫ്റ്റ തീരുമാനിച്ചത്. ഇഫ്റ്റ സംസ്ഥാന പ്രസിഡന്റ് പന്തളം സുധാകരൻ , രക്ഷാധികാരി ആർ ചന്ദ്രശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകും .

കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെടുകയും സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായം പോലും കലാകാരന്മാർക്ക് ലഭ്യമായിട്ടില്ലെന്നും ഇഫ്റ്റ സംസ്ഥാന പ്രസിഡണ്ട് പന്തളം സുധാകരൻ പറഞ്ഞു.  ചലച്ചിത്ര മേഖലയ്ക്ക് അർഹമായ പരിഗണന സർക്കാരിന്‍റെ ഭാഗത്തുനിന്ന് ലഭിക്കണമെന്ന് ഇഫ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ പറഞ്ഞു. സിനിമ പ്രവർത്തകരുടെ ജീവിതതെ നിസാരവത്കരിച്ചുകൊണ്ടുള്ള സർക്കാർ നടപടികൾക്കെതിരെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ് ഇഫ്റ്റയുടെ തീരുമാനം.