‘മാലിക്’ : വേട്ടക്കാരെ വെളുപ്പിച്ചെടുക്കാൻ ഇരകളെ ടാർഗറ്റ് ചെയ്ത സിനിമ ; കുറിപ്പ്

Jaihind Webdesk
Saturday, July 17, 2021

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിനെതിരെ വിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭാ സുബിന്‍. ബീമപള്ളി വെടിവയ്പ്പ് വെറും കഥ അല്ല, കേരളത്തിലെ മുസ്ലീങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരു ഓർഗനൈസ്ഡ് കലാപമാണ്. അവിടെ പോലീസ് നടത്തിയ നരഹത്യ ഒരു കാലത്തും നീതീകരിക്കാവുന്നതുമല്ല. അന്ന് പോലീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കോടിയേരി ബാലകൃഷണനാണ്. എന്നാല്‍ ചിത്രത്തില്‍ കോടിയേരിയെ വെള്ളപൂശി ചരിത്രത്തെ വളച്ചൊടിച്ചെന്നാണ് ശോഭാ സുബിന്‍റെ വിമർശനം.

ആഭ്യന്തര വകുപ്പ് മന്ത്രി അറിയാതെ പോലീസ് തന്നിഷ്ടത്തിൽ വെടിവയ്പ്പ് നടത്താൻ ഇവിടെ പൊലീസ് രാജ് ഒന്നുമല്ല നിലനിൽക്കുന്നത്. സിനിമയിൽ കാണിക്കുന്നത് പോലെ സ്ഥലം എംഎല്‍എ  ഇസ്ലാം യൂണിയൻ ലീഗിന്റെ ആളല്ല. ആ എംഎല്‍എ യുടെ പാർട്ടി/മുന്നണി തന്നെയാണ് ഓഖി സമയത്തു കേരളം ഭരിച്ചിരുന്നത്. . ആ വെടിവയ്പ്പിൽ ആദ്യം കൊല്ലപ്പെട്ടത് 16 വയസുള്ള ഒരു കൊച്ചു പയ്യനാണ് . ആ കുട്ടിയെ കലാപം നടന്ന സ്ഥലത്തേക്ക് പോലീസ് വലിച്ചിഴച്ച് കൊണ്ടു പോയതിന്റെയും പോയിന്റ് ബ്ലാങ്കിൽ വെടിവച്ചതിന്റെയും ഒക്കെ ദൃശ്യങ്ങൾ ഒക്കെ അന്നേ മീഡിയയിൽ വന്നതാണ്. വേട്ടയാടിയവരുടെ പേര് വരാതെ നോക്കിയ സിനിമയാണ് മാലിക്ക്. വേട്ടക്കാരെ വെളുപ്പിച്ചെടുക്കാൻ വേണ്ടി ഇരകളെ ടാർഗറ്റ് ചെയ്ത സിനിമ ഒക്കെ എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം :

മാലിക്കിലെ രാഷ്ട്രീയ ഒളിച്ചുകടത്തൽ എതിർക്കപ്പെടേണ്ടത് തന്നെയാണ്. ബീമപള്ളി വെടിവയ്പ്പ് വെറും കഥ അല്ല, കേരളത്തിലെ മുസ്ലീങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരു ഓർഗനൈസ്ഡ് കലാപമാണ്. അവിടെ പോലീസ് നടത്തിയ നരഹത്യ ഒരു കാലത്തും നീതീകരിക്കാവുന്നതുമല്ല. അന്ന് പോലീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കോടിയേരി ബാലകൃഷണനാണ്. ആഭ്യന്തര വകുപ്പ് മന്ത്രി അറിയാതെ പോലീസ് തന്നിഷ്ടത്തിൽ വെടിവയ്ക്ക് നടത്താൻ ഇവിടെ പോലീസ് രാജ് ഒന്നുമല്ല നിലനിൽക്കുന്നത്. സിനിമയിൽ കാണിക്കുന്നത് പോലെ സ്ഥലം MLA ഇസ്ലാം യൂണിയൻ ലീഗിന്റെ ആളല്ല. ആ MLA യുടെ പാർട്ടി/മുന്നണി തന്നെയാണ് ഓഖി സമയത്തു കേരളം ഭരിച്ചിരുന്നത്.

സിനിമയെ സിനിമയായി കാണാൻ പഠിക്കൂ എന്ന് പറയുന്നവർ ബീമാ പള്ളി വെടിവയ്പ്പ് അറിയാഞ്ഞിട്ടാണോ? അറിഞ്ഞിട്ടില്ല എങ്കിൽ അവരോട് ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ആ വെടിവയ്പ്പിൽ ആദ്യം കൊല്ലപ്പെട്ടത് ആരാണെന്ന് അറിയോ? കടപ്പുറത്ത് ക്രിക്കറ്റ് കളിച്ചിരുന്ന 16 വയസുള്ള ഒരു കൊച്ചു പയ്യൻ. ഈ കുട്ടിയെ കലാപം നടന്ന സ്ഥലത്തേക്ക് പോലീസ് വലിച്ചിഴച്ച് കൊണ്ടു പോയതിന്റെയും പോയിന്റ് ബ്ലാങ്കിൽ വെടിവച്ചതിന്റെയും ഒക്കെ ദൃശ്യങ്ങൾ ഒക്കെ അന്നേ മീഡിയയിൽ വന്നതാണ്. വേട്ടയാടിയവരുടെ പേര് വരാതെ നോക്കിയ സിനിമയാണ് മാലിക്ക്. വേട്ടക്കാരെ വെളുപ്പിച്ചെടുക്കാൻ വേണ്ടി ഇരകളെ ടാർഗറ്റ് ചെയ്ത സിനിമ ഒക്കെ എതിർക്കപ്പെടേണ്ടത് തന്നെയാണ്.

ഇതിന് മറുപടിയായി, ഇങ്ങനെ ചെയ്യാൻ സിനിമക്കാർക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലേ എന്ന് ചോദിച്ചേക്കാം. തീർച്ചയായും ഉണ്ട്. അതിനകത്ത് ആരും കൈ കടത്തുന്നില്ല. നാളെ ഗാന്ധിജിയെ കൊന്നത് നെഹ്‌റു ആണെന്ന് പറഞ്ഞു സംഘികൾ ഇതുപോലെ ഒരു സിനിമ ഇറക്കിയാൽ അതും ആവിഷ്കാര സ്വാതന്ത്ര്യമാണ്. ദൃശ്യം എന്ന സിനിമയിൽ പറയുന്ന പോലെ, ജനങ്ങളെ ഏറ്റവും വേഗത്തിൽ സ്വാധീനിക്കുന്ന ഒന്നാണ് സിനിമ. അതുകൊണ്ട് തന്നെയാണ് ഇത്തരം പ്രോപഗാണ്ട സിനിമകൾ എതിർക്കുന്നത്. അത് മാത്രമല്ല, ഇവിടെ ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കുറ്റക്കാർ ആക്കി എന്ന വലിയൊരു മോശം പ്രവർത്തി കൂടെ ഇതിനകത്തുണ്ട്. അതുകൊണ്ട് തന്നെ ആവർത്തിച്ചു ആവർത്തിച്ചു പറയുന്നു. ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കുറ്റക്കാർ ആക്കുന്ന ഇത്തരം സിനിമകൾ എതിർക്കുക തന്നെ വേണം…