പൂരം കലക്കല്‍; എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കെ മുരളീധരന്‍; ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യം


തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയതിനെ കുറിച്ചുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കെ മുരളീധരന്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. പൂരം താറുമാറായതിന്റെ നേട്ടം ലഭിച്ചവരും പറയുന്നത് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ്. പൂരം കലങ്ങിയത് തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

‘അന്വേഷണം പ്രഖ്യാപിക്കുന്ന സമയത്ത് അന്വേഷണ ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടെന്ന വാര്‍ത്ത പുറത്തുവന്നിട്ടില്ല. പിന്നാലെയാണ് തൃശ്ശൂര്‍ പൂരം അട്ടിമറി എഡിജിപി അന്വേഷിക്കേണ്ടതില്ലെന്നും മറിച്ച് ജുഡീഷ്യല്‍ അന്വേഷണം ഞങ്ങള്‍ ആവശ്യപ്പെട്ടതും. അജിത് കുമാറിന്റെ റിപ്പോര്‍ട്ട് എന്താണെങ്കിലും അതിന് വിശ്വാസ്യതയില്ല. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതില്‍ ഉറച്ചുനില്‍ക്കുന്നു. മൂന്ന് പ്രധാനപ്പെട്ട കക്ഷികള്‍ ഇതേ ആവശ്യം ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വാശി. പൂരം കലങ്ങിയ വിവാദത്തിന് ശേഷമാണ് രാഷ്ട്രീയ ചിത്രം മാറിയത്. പൂരം അട്ടിമറിയില്‍ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. ബിജെപിക്ക് കേരളത്തില്‍ നിന്നും എം പി വേണമന്ന നിര്‍ബന്ധം കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജനോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്തായിരുന്നെങ്കില്‍ പൊങ്കാല കലക്കിയേനെ. പക്ഷെ തിരഞ്ഞെടുപ്പിന് മുന്‍പ് പൊങ്കാല കഴിഞ്ഞുപോയി. തൃശ്ശൂരില്‍ ബിജപി വിജയിച്ചതോടെ കരിവന്നൂരും എസ്എന്‍സി ലാവ്ലിന്‍ കേസും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണങ്ങളും ചിത്രത്തില്‍ ഇല്ല’, കെ മുരളീധരന്‍ പറഞ്ഞു.

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. ബോധപൂര്‍വമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടാണ് റിപ്പോര്‍ട്ട്. അങ്കിത് അശോകിന്റെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നും എഡിജിപി എം.ആര്‍ അജിത്കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാവില്ലെന്നായിരുന്നു വി.എസ്. സുനില്‍ കുമാറിന്റെ പ്രതികരണം.

Comments (0)
Add Comment