ബിനീഷിന്‍റെ അറസ്റ്റിന് പിന്നാലെ സി.പി.എമ്മില്‍ പോര് മുറുകുന്നു ; കോടിയേരിക്കെതിരെ വാളെടുത്ത് ഒരു വിഭാഗം

Jaihind News Bureau
Sunday, November 1, 2020

 

മയക്കുമരുന്ന് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി ബംഗളുരുവിൽ അറസ്റ്റിലായതോടെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ വിമർശനം ഉന്നയിച്ച് ഒരു വിഭാഗം നേതാക്കൾ. കോടിയേരിയെ ലക്ഷ്യമാക്കിയാണ് ഒരു വിഭാഗം നേതാക്കൾ കരുക്കൾ നീക്കുന്നത്.

എന്നും വിവാദങ്ങളുടെ തോഴനായ ബിനീഷ് കോടിയേരി ഇതുവരെ ഒരു ക്രിമിനൽ കേസിലും ജയിലിലിലായിരുന്നില്ല. എന്നാൽ ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് അറസ്റ്റിലായതോടെ പാർട്ടിയിലെ കണ്ണൂർ ലോബിയെ അടിക്കാനുള്ള വടിയാക്കി മാറ്റിയിരിക്കുകയാണ് തെക്കൻ ജില്ലകളിൽ അടക്കമുള്ള സംസ്ഥാന നേതാക്കൾ. പാര്‍ട്ടി പ്രവര്‍ത്തകന് അച്ചടക്കം വേണമെന്ന് ശഠിക്കുന്ന പാര്‍ട്ടിക്ക്, പാര്‍ട്ടി സെക്രട്ടറിയുടെ മകനെ നേര്‍വഴിക്ക് നടത്താനായില്ല എന്ന വികാരമാണ് നേതാക്കൾ സ്വകാര്യമായി പങ്കുവെക്കുന്നത്. സെക്രട്ടറിയുടെ മകനെന്ന അഹങ്കാരത്തില്‍ ചെറുപ്പം മുതല്‍ എന്തുമാകാം എന്ന നിലയില്‍ ജീവിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വം അതിന് കുടപിടിച്ചു. ഇപ്പോള്‍ അനിവാര്യമായ ദുരന്തത്തിൽ പാർട്ടി എത്തി നിൽക്കുമ്പോൾ പൊതു സമൂഹത്തിന് മുന്നിൽ തലകുനിക്കുകയാണ് അണികളും നേതാക്കളും.

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ബിനീഷായിരുന്നു. ഗുണ്ടകള്‍ക്ക് ജയില്‍ മോചനം, കള്ളക്കടത്തുകാര്‍ക്ക് പോലീസ് സംരക്ഷണം, വട്ടിപ്പലിശക്കാരുമായുള്ള ചങ്ങാത്തം, സിനിമാ നിര്‍മ്മാതാക്കളുടെ ഉറ്റ ചങ്ങാതി, കായിക മേഖലയിലെ സ്വാധീനം തുടങ്ങി എല്ലായിടത്തും ബിനീഷ് എന്ന അധോലോക താരം വളരുകയായിരുന്നു. ഈ സ്വാധീനം ബിനീഷ് പല വിധത്തിൽ ഉപയോഗപ്പെടുത്തി അരങ്ങ് വാഴുമ്പോഴാണ് ബംഗളുരുവിലെ കേസിൽ കുടുങ്ങിയത്. സി.പി.എമ്മിലെ കണ്ണൂർ ലോബിയെ പിടിച്ചുകെട്ടാൻ ഊഴം കാത്തിരുന്ന വലിയ വിഭാഗം കിട്ടിയ അവസരം മുതലാക്കിയാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ പട നയിക്കുന്നത്. പ്രതിരോധങ്ങൾ പൂർണ്ണമായും തകർന്ന് പൊതു സമൂഹത്തിന് മുന്നിൽ എന്തുപറയുമെന്നറിയാതെ നട്ടം തിരിയുന്ന സി.പി.എമ്മിന് പാർട്ടിക്കുള്ളിലെ അഭ്യന്തര കലഹം ഇരുട്ടടിയായി മാറുകയാണ്.