പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചു

Jaihind News Bureau
Tuesday, October 1, 2019

പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആഴ്‌സണലായിരുന്നു എതിരാളികൾ. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങുകയായിരുന്നു. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.

ആവേശത്തോടെയാണ് വമ്പന്മാർ തമ്മിൽ കൊമ്പുകോർത്തത്. പോഗ്ബയും റാഷ്‌ഫോർഡും പരിക്ക് മാറി എത്തിയത് യുണൈറ്റഡിന് ഊർജ്ജം നൽകി എങ്കിലും ഗോളടിക്കാൻ പറ്റാത്ത വിഷമം തന്നെയാണ് അവരെ അലട്ടിയത്. ഗോൾ പിറക്കുന്നത് കാണാൻ ആദ്യ പകുതിയുടെ അവസാനം വരെ കാത്തുനിൽക്കേണ്ടി വന്നു കാണികൾക്ക്.

ആദ്യ പകുതിയിൽ ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചിരുന്നില്ല. 45-ആം മിനിട്ടിൽ സ്‌കോട്ട് മെക്‌ടൊമിനേയാണ് മാഞ്ചസ്റ്ററിനായി ആദ്യ ഗോൾ കണ്ടത്.

രണ്ടാം പകുതി നന്നായി തുടങ്ങിയ ആഴ്‌സണൽ അധികം താമസിയാതെ ഓബമെയങ്ങിലൂടെ സമനില പിടിച്ചു. ആദ്യ ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചു എങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ അവസാനം യുണൈറ്റഡ് വിജയിക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ലെനോയുടെ മികച്ച പ്രകടനങ്ങൾ ആഴ്‌സണലിനെ രക്ഷിച്ചു. ആഴ്‌സണൽ ഗോൾ കീപ്പർ ലെനോയുടെ രണ്ട് ഗംഭീര സേവുകളും മത്സരം സമനിലയിൽ ആകാൻ കാരണമായി.

ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ പത്താം സ്ഥാനത്ത് നിൽക്കുകയാണ്. 12 പോയന്‍റുമായി ആഴ്‌സണൽ ആദ്യ നാലിൽ എത്തി.