ഷെയ്ൻ നിഗം വിവാദത്തിൽ ചർച്ചയാകാമെന്ന് ഫെഫ്ക

Jaihind News Bureau
Thursday, December 12, 2019

ഷെയ്ൻ നിഗം വിവാദത്തിൽ ചർച്ചയാകാമെന്ന് ഫെഫ്ക. ഫെഫ്കയെ പ്രതിനിധീകരിച്ച് ബി ഉണ്ണികൃഷ്ണൻ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടയൊണ് ഇക്കാര്യം പറഞ്ഞത്. വിദേശത്തു പോയ താര സംഘടനയായ AMMAയുടെ പ്രസിഡന്‍റ് മോഹൻലാൽ മടങ്ങിയെത്തിയ ശേഷം വിഷയം ചർച്ച ചെയ്യാമെന്നും സിനിമകൾ മുടങ്ങിപ്പോകരുതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഫെഫ്കയും താര സംഘടനയായ AMMAയുമാണ് നിർമാതാക്കളുടെ സംഘടനയ്ക്ക് ഉറപ്പു കൊടുക്കേണ്ടത്. ഷെയ്നിന്‍റെ സംസാരരീതിയിലെ അതൃപ്തി മൂലം ഉടനെ ചർച്ചയ്ക്കില്ലെന്ന് സംവിധായകർ തീരുമാനമെടുത്തിരിക്കയാണ്. അവരുടെ വികാരത്തെ ബഹുമാനിച്ച് തത്കാലം ചർച്ച നിർത്തിവെച്ചിരിക്കയാണ് എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

വിഷയത്തിൽ ഷെയിനിന്‍റെ നിലപാടുകൾ വളരെ പ്രധാനപ്പെട്ടതാണ്. ഷെയിനിന്‍റെ മാപ്പു പറച്ചിലിനെ നിർമാതാക്കളുടെ സംഘടന എങ്ങനെ നോക്കിക്കാണുന്നു എന്നതും പ്രധാനമാണ്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് ചർച്ചകൾ നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

22ന് താര സംഘടനയായ AMMAയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. അതിനു ശേഷം ഷെയ്നുമായി സഹകരിച്ച് ചർച്ച നടത്തുമെന്നും സിനിമകൾ മുടങ്ങിപ്പോകാൻ അനുവദിക്കില്ലെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

ഷെയ്ൻ പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയതും സംഘടനകൾ തമ്മിൽ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ സർക്കാരിനെ കൂടി ഉൾപ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിച്ചതും ഷെയ്നിനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ച നിർമാതാക്കളുടെ സംഘടനയുമായുള്ള ചർച്ചയിൽ നിന്നുള്ള പിൻമാറ്റത്തിനു കാരണമായി.

തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിൽ മാധ്യമങ്ങളോടു സംസാരിക്കവെ ഷെയ്ൻ നിർമാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞിരുന്നു. അമ്മയും ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും പ്രശ്നംചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുന്നതിനിടയിൽ സർക്കാരിനെ കൂടെ ഉൾപ്പെടുത്തിയത് വിഷയങ്ങൾവീണ്ടും വഷളാക്കി. അതിനാലാണ് ഇനിയൊരു ചർച്ച വേണ്ടെന്ന് സംഘടനകൾ തീരുമാനിച്ചത്.