തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിന്‍റെ തുടർച്ച ശബരിമലയിൽ ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നതായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപി ശ്രമങ്ങൾക്ക് കഴിഞ്ഞ തവണ തിരിച്ചടി ഉണ്ടായി. വിഷയത്തിൽ മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്‍റും പറയുന്നതില്‍ ഒരു വ്യക്തതയുമില്ല. ഭക്തരുടെ വികാരം സർക്കാർ ഉൾക്കൊള്ളണമെന്ന് കെ. മുരളീധരൻ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം ബിജെപി വോട്ട് കച്ചവടത്തിന് സാധ്യതയുണ്ടെന്നും മുരളീധരൻ ആരോപിച്ചു. പാലക്കാട്ട് തലയെടുപ്പുള്ള സ്ഥാനാർഥികൾ സിപിഎമ്മിനോ ബിജെപിക്കോ ഇല്ല. അതിനാല്‍ ഡീൽ നടന്നാലും ഇല്ലെങ്കിലും കോൺഗ്രസ് വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞു. മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മീഷൻ നിർദേശം ഭരണഘടന വിരുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മതങ്ങളും ആത്മീയ വിദ്യാഭ്യാസം നൽകുന്നുണ്ട്. ഇത് ഭൂരിപക്ഷ വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കമാണെന്നും മുരളീധരൻ വ്യക്തമാക്കി.