കറുപ്പ് പേടി! പൊതുജനത്തെ സുരക്ഷാ കോട്ട കെട്ടി തടഞ്ഞ് മുഖ്യമന്ത്രിയുടെ പാച്ചില്‍; കറുത്ത വസ്ത്രത്തിനും മാസ്ക്കിന് പോലും വിലക്ക്, പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയുടെ പേരില്‍ ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന നടപടികളുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി വരുന്ന സ്ഥലങ്ങളില്‍ കറുത്ത വസ്ത്രം ധരിക്കുന്നതിനും മാസ്ക് ധരിക്കുന്നതിന് പോലും വിലക്ക് ഏർപ്പെടുത്തിയത് വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. തനിക്കെതിരെ ഒരു പ്രതിഷേധവും ഉയരാന്‍ പാടില്ലെന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലെല്ലാം മണിക്കൂറുകളോളമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഗതാഗതക്കുരുക്കില്‍ വലയുന്ന ജനം പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏർപ്പെടുന്ന സ്ഥിതിയുമുണ്ടായി.

കൊച്ചിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ച മാധ്യമപ്രവര്‍ത്തകയോട് അത് മാറ്റാന്‍ ആവശ്യപ്പെട്ടു. കറുത്ത വേഷം ധരിച്ച് കൊച്ചി മെട്രോയില്‍ കയറാനെത്തിയ രണ്ട് ട്രാന്‍സ്ജന്‍ഡറുകളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് ഒരുക്കിയത് ഈച്ച പോലും കടക്കാത്ത സുരക്ഷാനടപടികളാണ്. ഇതിന്‍റെ ഫലം അനുഭവിച്ചത് പൊതുജനവും. രോഗികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർ മണിക്കൂറുകളോളമാണ് പെരുവഴിയിലായത്. കോട്ടയത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ മാധ്യമപ്രവർത്തകര്‍ക്ക് പോലും പാസ് വെച്ചായിരുന്നു പ്രവേശനം. കറുത്ത വസ്ത്രമോ മാസ്കോ ധരിച്ച് എത്തരുതെന്ന നിർദേശവും മാധ്യമപ്രവർത്തകർക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ അസാധാരണമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.

കോട്ടയത്തെയും കൊച്ചിയിലെയും മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തിയത്തിന് സമാനമായി തൃശൂരിലും കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ പരിപാടിയിൽ പങ്കെടുത്തു മടങ്ങിയെത്തുന്ന മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയം ഗസ്റ്റ് ഹൗസിന് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി.

അതേസമയം മുഖ്യമന്ത്രിയുടെ ഈ ‘അസാധാരണ പരിഭ്രമം’ എന്തുകൊണ്ടാണെന്ന ചോദ്യവും പൊതുസമൂഹത്തില്‍ ഉയരുന്നു. സ്വര്‍ണ്ണക്കടത്തിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ വിഷയത്തില്‍ തൃപ്തികരമായ ഒരു മറുപടി പറയാനോ വിശദീകരിക്കാനോ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. പകരം ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. എന്നാല്‍ ജനാധിപത്യ രീതിയിലുയരുന്ന  പ്രതിഷേധത്തെ  ഭയന്ന് പോലീസ് വലയത്തില്‍ അഭയം പ്രാപിക്കുകയും പൊതുജനത്തെ ദുരിതത്തിലാക്കുന്ന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വവും ഒളിച്ചോട്ടവുമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

Comments (0)
Add Comment