‘കോണ്‍ഗ്രസിനെ ഭയപ്പെടുത്താനാകില്ല, പോരാട്ടം തുടരും’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, June 22, 2022

ന്യൂഡല്‍ഹി: ഇഡിയെ ഭയമില്ലെന്ന് രാഹുൽ ഗാന്ധി. എത്ര മണിക്കൂർ വേണമെങ്കിലും ചോദ്യം ചെയ്യലിനായി ഇരിക്കാന്‍ തയാറാണ്. അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കുംവരെ പോരാട്ടം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഇഡിയെ ഭയപ്പെടുന്നില്ലെന്നും ഇ.ഡി ഒന്നുമല്ലെന്നും പറഞ്ഞ രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താൻ കഴിയില്ലെന്ന കാര്യം ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മനസിലായിട്ടുണ്ടെന്ന് വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. കേന്ദ്രസർക്കാർ സൈന്യത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. വൺ റാങ്ക് വൺ പെൻഷൻ, നോ റാങ്ക് നോ പെൻഷൻ ആയി മാറിയെന്നും രാഹുൽ കുറ്റപ്പെടുത്തി. പദ്ധതി പിൻവലിക്കുംവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് അഗ്നിപഥ് പദ്ധതി ഉറപ്പായും പിൻവലിക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.