മാവോയിസ്റ്റ് ബന്ധം : അറസ്റ്റിലായവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെളിവാക്കും

Jaihind News Bureau
Tuesday, November 12, 2019

മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അറസ്റ്റ് ചെയ്തവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെളിവാക്കും. ദേശവിരുദ്ധ ഉള്ളടക്കമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ഹൈക്കോടതിയ്ക്ക് കൈമാറും. പ്രതികളുടെ ജാമ്യത്തെ ഹൈക്കോടതിയിൽ എതിർക്കും. അന്വേഷണസംഘം നൽകുന്ന റിപ്പോർട്ടിലാണ് ഫെയ്‌സ്ബുക്ക് പേജിലെ വിവരങ്ങൾ ചേർക്കുക.

അതേസമയം, ഇവരെ വിട്ടു കിട്ടുന്നതിനായി പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇവരിൽ നിന്ന് മാവോയിസ്റ്റ് നയരേഖ ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. അലന്‍റെയും താഹയുടെയും വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്ത ലാപ്‌ടോപ് പെൻഡ്രൈവ് തുടങ്ങിയവയിൽ നിന്നാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. മാവോയിസ്റ്റ് അനുകൂല ലഖുലേഖകൾക്കു പുറമെ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയുടെ നയരേഖയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അലന്‍റെ വീട്ടിൽ നിന്ന് നേരത്തെ ഒരു മൊബൈൽ ഫോൺ മാത്രമാണ് പോലീസ് കണ്ടെടുത്തതെങ്കിലും അലൻ ഉപയോഗിച്ചിരുന്ന ആറു സിം കാർഡിൽ നിന്നുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.  ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും തെളിവുകൾ കണ്ടെത്താനും പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൂടാതെ ഇവർക്കൊപ്പം രക്ഷപെട്ട മൂന്നാമത്തെ ആള്‍ക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാവണമെങ്കിൽ അലനെയും താഹയെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് അന്വേഷണ സംഘം പറയുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നു തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.