സ്വർണ്ണക്കള്ളകടത്തിലും അഴിമതിയിലും മുങ്ങികുളിച്ച സർക്കാരിന് ഇനി ഒരു തിരിച്ചുവരവ് ഇല്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നത് പിണറായിക്കും മന്ത്രിമാർക്കും; ഐസക്കിനെ നേതാവാക്കാൻ വിജരാഘവനും ആനത്തലവട്ടവും ബാലഗോപാലും കളി തുടങ്ങി : ഡോ. ശൂരനാട് രാജശേഖരന്‍റെ വാക്കുകള്‍ ചർച്ചയാകുന്നു

Jaihind News Bureau
Tuesday, December 1, 2020

സ്വർണ്ണക്കള്ളക്കടത്തിലും അഴിമതിയിലും മുങ്ങികുളിച്ച സർക്കാരിന് ഇനി ഒരു തിരിച്ചുവരവ് ഇല്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നത് പിണറായിക്കും മന്ത്രിമാർക്കുമാണെന്നും തോൽവിയുടെ പാപഭാരം മുഴുവനും പിണറായിയുടെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമം ഐസക്കിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചതിൻ്റെ തുടക്കമാണ് ” വട്ടൻ ” പ്രയോഗമെന്നും കെ പി സി സി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരൻ. ഐസക്കിനെ അടുത്ത പ്രതിപക്ഷ നേതാവാക്കാനാണ് ശ്രമമെന്നും അതിനായി ആനത്തലവട്ടം ആനന്ദൻ, ബാലഗോപാൽ , പാർട്ടി സെക്രട്ടറി വിജയരാഘവൻ എന്നീ മൂവർ സംഘം പണി തുടങ്ങിയെന്നും അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റില്‍. ഡോ. ശൂരനാട് രാജശേഖരന്‍റെ ഈ വരികളാണ് ഇന്ന് രാഷ്ട്രീയ കേരളം ചർച്ചയാക്കുന്നതും.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

സ്വർണ്ണ കള്ളകടത്തിലും അഴിമതിയിലും മുങ്ങികുളിച്ച സർക്കാരിന് ഇനി ഒരു തിരിച്ചുവരവ് ഇല്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നത് പിണറായിക്കും മന്ത്രിമാർക്കുമാണ്. തോൽവിയുടെ പാപഭാരം മുഴുവനും പിണറായിയുടെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമം ഐസക്കിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചതിൻ്റെ തുടക്കമാണ് ” വട്ടൻ ” പ്രയോഗം. ഐസക്കിനെ അടുത്ത പ്രതിപക്ഷ നേതാവാക്കാൻ ആനത്തലവട്ടം ആനന്ദൻ, ബാലഗോപാൽ , പാർട്ടി സെക്രട്ടറി വിജയരാഘവൻ എന്നീ മൂവർ സംഘം പണി തുടങ്ങി.

പിണറായി സർക്കാരിൻ്റെ പിടിപ്പുകേടിനെതിരെ ചാനലുകളിൽ തുറന്ന വിമർശനവുമായി ആനത്തലവട്ടം ആനന്ദൻ കളം നിറഞ്ഞ് കളിക്കുന്നുണ്ട്. കൊല്ലത്തെ ഒന്നര ലക്ഷം വോട്ടിൻ്റെ തോൽവിക്ക് കാരണക്കാരൻ പിണറായിയാണന്നും പിണറായിയുടെ പരനാറി പ്രയോഗം ആണ് തോൽവിയുടെ ആക്കം വർധിപ്പിച്ചതെന്നും വിശ്വസിക്കുന്ന ബാലഗോപാൽ പിണറായിക്കെതിരെ യുദ്ധമുഖം തീർത്തിരിക്കുകയാണ്.

പാർട്ടി സെക്രട്ടറി പദം നിലനിറുത്താൻ വേണ്ടി വിജയരാഘവൻ 118 A എന്ന മാധ്യമമാരണനീയമം തള്ളിപ്പറഞ്ഞപ്പോൾ ഏറ്റവും ഞെട്ടിയത് പിണറായി ആണ്. മൂവർ സംഘത്തിൻ്റെ തലപ്പത്ത് ബേബിയും യച്ചൂരിയും. ഇതുവരെ വിജിലൻസിനെ കൊണ്ട് പ്രതിപക്ഷ നേതാക്കൻമാർക്കെതിരെ കള്ള കേസ് എടുപ്പിച്ച പിണറായി, തന്നെ പിന്നിൽ നിന്ന് കുത്തിയ മന്ത്രിമാരെയും വിജിലൻസിനെ കൊണ്ട് പണി കൊടുപ്പിക്കുന്നതിൻ്റെ ഉദാഹരണമാണ് കെ.എസ്.എഫ് ഇ യിലെ റെയ്ഡ്. താൻ മാത്രമല്ല മന്ത്രിമാരും അഴിമതിക്കാരാണ് എന്ന് തെളിയിക്കാനുള്ള പടപ്പുറപ്പാടിലാണ് പിണറായി.

കെ.എസ്.എഫ്.ഇ യിലെ അഴിമതികൾ പുറത്ത് വന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഐസക്ക് സി & എ ജിക്കെതിരെ ഉറഞ്ഞ് തുള്ളിയതു പോലെ വിജിലൻസിനെതിരെയും ഉറഞ്ഞ് തുള്ളി. പാർട്ടിയിലെ ചോദ്യം ചെയ്യാത്ത നേതാവായിരുന്നു ഇത്രനാളും പിണറായി വിജയൻ. അഴിമതിക്കാരനായ വിജയനെ തളക്കാൻ മറ്റൊരു അഴിമതിക്കാരനായ ഐസക്കിന് കഴിയുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്. അടുത്ത പ്രതിപക്ഷ നേതാവ് കസേരയിലാണ് ഐസക്കിൻ്റെ കണ്ണ് എന്ന കാര്യം സി.പി.എം നേതാക്കൻ മാരുടെ ഇടയിൽ പരസ്യമായ രഹസ്യമാണ്.