‘വിവേകമില്ലാതെ പെരുമാറുന്ന മോദിയും ആത്മവിശ്വാസം പകരുന്ന രാഹുലും, ഈ മനുഷ്യനെ ഇന്ത്യക്കാവശ്യമുണ്ട്’ ; വൈറലാകുന്ന കുറിപ്പ്

Jaihind Webdesk
Thursday, January 28, 2021

 

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മികവാര്‍ന്ന രീതിയില്‍ തര്‍ജമ ചെയ്ത് താരമായിരിക്കുകയാണ് മലപ്പുറത്തെ വിദ്യാര്‍ത്ഥിനിയായ മുഫീദ അഫ്ര. ഇപ്പോഴിതാ ജനക്കൂട്ടത്തിനുമുന്നില്‍ ഭയമേതുമില്ലാതെ പരിഭാഷ നടത്തിയ മുഫീദയേയും  ആത്മവിശ്വാസം പകർന്ന്  കൂടെചേർത്തുനിർത്തിയ രാഹുല്‍ ഗാന്ധിയെയും വാഴ്ത്തുകയാണ് സോഷ്യല്‍മീഡിയ. ഇക്കൂട്ടത്തില്‍ മാധ്യമപ്രവർത്തകന്‍ ഹരിമോഹന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ചർച്ചയാകുന്നത്. വി.ടി ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവർ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

വിദ്യാർത്ഥികളുമായി സംവദിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുല്‍ ഗാന്ധിയേയും താരതമ്യം ചെയ്തിരിക്കുകയാണ് അദ്ദേഹം. വിദ്യാർത്ഥികളുടെ ചോദ്യങ്ങളെ പ്രധാനമന്ത്രി പുശ്ചത്തോടെയും പരിഹാസത്തോടെയും നേരിടുമ്പോള്‍ വളരെ ജാഗ്രതയോടെ സംസാരിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. സംവാദ വേദിയില്‍ തന്നെ ‘സാർ’ എന്ന് അഭിസംബോധന ചെയ്ത പെണ്‍കുട്ടിയോട് രാഹുല്‍ എന്ന് വിളിക്കാമോ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അവിടെ ആ കുട്ടിയെ മാത്രമല്ല സദസിനെയാകെ കംഫർട്ടബിളാക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറിക്കുന്നു.

‘ഒരു സമൂഹത്തെ മുഴുവനും അസ്രയും സഫയും പൂജയും മുഫീദയുമൊക്കെ വഴി അയാൾ കംഫർട്ടബിളാക്കുകയാണ്, കാലമാവശ്യപ്പെടുന്ന മനുഷ്യത്വത്തിന്റെയും ലിംഗനീതിയുടെയുമൊക്കെ രാഷ്ട്രീയം വളരെ മനോഹരമായി അവരിലൂടെ സമൂഹത്തിലെത്തിക്കുകയാണ്. രാഹുൽ ഗാന്ധിയെന്ന മനുഷ്യനെ ഇന്ത്യക്കാവശ്യമുണ്ട് എന്നാവർത്തിക്കുന്നത് ഇതുകൊണ്ടൊക്കെയാണ് ‘-ഹരിമോഹന്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

 എത്ര വലിയ ജനകീയനായ രാഷ്ട്രീയ നേതാവിനും മുൻപിൽ വെല്ലുവിളി തീർക്കുന്നതിലൊന്ന് ടീനേജുകാർ നിറഞ്ഞ സദസ്സായിരിക്കും. അവർക്കുമുന്നിൽ രാഷ്ട്രീയം പറയുകയെന്നതു വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്. അപക്വമായ, അപകടകരമായ പ്രസ്താവനകൾ, നിലപാടുകൾ, ഒക്കെ അതിവേഗം അവരിലേക്കു കുത്തിവെയ്ക്കപ്പെട്ടേക്കാം.
രണ്ടുവർഷം മുൻപ് വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ടിരിക്കവേ പ്രധാനമന്ത്രിയോട് ഖരഗ്പുരിൽ നിന്നുള്ള വിദ്യാർഥിനി ഒരു ചോദ്യമുന്നയിച്ചത് ഓർക്കുന്നുണ്ടാവും. ചോദ്യം ഇങ്ങനെയായിരുന്നു- “ഡിസ്ലെക്സിയ ബാധിച്ച കുഞ്ഞുങ്ങൾക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും. പക്ഷേ, ബുദ്ധിയുടേയും ക്രിയേറ്റിവിറ്റിയുടേയും കാര്യത്തിൽ അവർ മുന്നിലാണ്. താരേ സമീൻ പർ എന്ന സിനിമയിലെ ദർശീലിന്റെ കഥാപാത്രത്തിന്റേതുപോലെ. ഇത്തരക്കാരായ കുട്ടികളെ സഹായിക്കുന്നതാണ് എന്റെ പദ്ധതി.”
ചോദ്യം മുഴുമിപ്പിക്കും മുൻപ് പ്രധാനമന്ത്രിയുടെ മറുപടിച്ചോദ്യം ഇങ്ങനെയായിരുന്നു- “ഈ പദ്ധതി 40-50 വയസ്സുള്ള കുട്ടികള്‍ക്ക് ഉപകാരപ്പെടുമോ?”
അയാളവിടെ ആരെ വേണമെങ്കിലും ഉദ്ദേശിച്ചുകൊള്ളട്ടെ. പുച്ഛവും പരിഹാസവും നിറഞ്ഞ അയാളുടെ ശരീരഭാഷയും വിഷയമല്ല. ഈ എഴുപതാം വയസ്സിൽ അയാളിൽ നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ എന്തു മികച്ചൊരു ആശയമാണ് ആ കുട്ടി അവിടെ പങ്കുവെച്ചത്. അങ്ങനെയുള്ള നൂറായിരം കുട്ടികളോടാണു വിവേകമില്ലാതെ ഒരു രാജ്യത്തിന്റെ ഭരണാധികാരി പ്രതികരിച്ചത്. വളരെ അപകടകരമായ ആ സ്റ്റേറ്റ്മെൻറിന് ആ കുട്ടികളിൽ പലരും കൈയടിച്ചതും ചിരിച്ചതും വല്ലാതെ ഭയപ്പെടുത്തിയിരുന്നു.
അവിടെയാണ് രാഹുൽ ഗാന്ധി എന്ന വ്യക്തി പ്രധാനപ്പെട്ടതാകുന്നത്. ടീനേജുകാർ നിറഞ്ഞ ഒരു സദസ്സിനെ അയാൾ എത്ര വേഗമാണ് കംഫർട്ടബിളാക്കുന്നത്. എത്ര ജാഗ്രതയോടെയാണ് അവരോടു സംസാരിക്കുന്നത്.
ചെന്നൈയിലെ സ്റ്റെല്ല മേരീസ് കോളേജിലെ പെൺകുട്ടികൾക്കു നടുവിൽ നിന്നു വളരെ കൂളായി അവരെ നേരിട്ട രാഹുലിലേക്ക് ഒന്നു തിരിച്ചുപോകുകയാണ്. ഒരു പെൺകുട്ടി ചോദ്യം ആരംഭിക്കുകയാണ്, “ഹായ് സാർ…” ഇവിടെ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപേ രാഹുൽ ഇടപെടുകയാണ്- “താങ്കൾക്കെന്നെ സാർ എന്നതിനു പകരം രാഹുൽ എന്നു വിളിക്കാമോ? അതാണെന്നെ കംഫർട്ടബിളാക്കുന്നത്.”
അവിടെ യഥാർഥത്തിൽ കംഫർട്ടബിളാകുന്നത് രാഹുലോ ചോദ്യം ചോദിക്കാനൊരുങ്ങിയ ആ കുട്ടിയോ മാത്രമായിരുന്നില്ല. ആ വലിയ സദസ്സ് മുഴുവനുമായിയിരുന്നു. “രാഹുൽ….” ആ കുട്ടി തുടർന്നു. അത്രനേരം ഭയത്തോടെയും പരിഭ്രമത്തോടെയും അവിടെ സംസാരിക്കാനെഴുന്നേറ്റു നിന്ന അസ്ര എന്ന പെൺകുട്ടി, അവിടെ നിന്നങ്ങോട്ട് രാഹുൽ എന്ന തന്റെ സുഹൃത്തിനോടു സംസാരിക്കുകയായിരുന്നു. ഒരു താത്കാലിക ആത്മവിശ്വാസം മാത്രമാണ് അതെന്നു കരുതാനാവില്ല. അവിടെ നിന്നങ്ങോട്ട് എത്രയോ സദസ്സുകളിലും വേദികളിലും അസ്ര ഈ ആത്മവിശ്വാസത്തോടെ സംസാരിച്ചിട്ടുണ്ടാവും, സംസാരിക്കുന്നുണ്ടാകും.
ഇതുതന്നെയാണ് രാഹുൽ ആവർത്തിക്കുന്നത്. മുൻപൊരിക്കൽ മണ്ഡലത്തിൽ എത്തിയപ്പോഴും അതു കണ്ടു. നിലമ്പൂർ കരുവാരക്കുണ്ട് ഗവ. എച്ച്.എസ്.എസിലെ കുട്ടികളോടു രാഹുൽ ചോദിച്ചത്, “എന്റെ വാക്കുകൾ നിങ്ങൾക്ക് പരിഭാഷപ്പെടുത്തികൂടേ” എന്നാണ്. ഇതുകേട്ട പ്ലസ് ടു വിദ്യാർഥിനി സഫ കൈപൊക്കി. കടുകട്ടി പ്രയോഗങ്ങളോ ഗുരുതരമായ രാഷ്ട്രീയ വിഷയങ്ങളോ പരാമർശിക്കാതെ രാഹുൽ പ്രസംഗിച്ചു, പൊളിറ്റിക്കലായിത്തന്നെ. വളരെ മനോഹരമായി തനതു ശൈലിയിൽ സഫ അതു പരിഭാഷപ്പെടുത്തി.
തൊട്ടടുത്ത ദിവസം വാകേരി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയപ്പോഴും രാഹുൽ പരിഭാഷകരെ ക്ഷണിച്ചു. ശബ്ദക്രമീകരണത്തിലെ പാളിച്ചകൾ മൂലം രാഹുലിന്റെ വാക്കുകൾ വ്യക്തമായി കേൾക്കാതെ വന്നതോടെ പരിഭാഷകയായ പ്ലസ് വൺ വിദ്യാർഥിനി പി.വി പൂജയും അൽപ്പം പതറി. പക്ഷേ, രാഹുൽ പൂജയെ ചേർത്തുനിർത്തി, വാക്കുകൾ വ്യക്തമാക്കി, ആവർത്തിച്ചു പറഞ്ഞുകൊടുത്തു. തുടക്കത്തിലെ പതർച്ച പൂജയിൽ കണ്ടതായി ഓർക്കുന്നില്ല.
ഇന്നും അതങ്ങനെ തന്നെയായിരുന്നു. ആദ്യ പരിപാടിയിൽ വെച്ചുതന്നെ വഴിയിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടുന്ന സുഹൃത്തുക്കളോടെന്ന പോലെ എൻ.സി.സിയിലെ കുട്ടികളോട് അയാൾ കുറച്ചുനേരം സംസാരിച്ചുനിന്നു.
ശേഷം, വണ്ടൂർ സർക്കാർ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂൾ കെട്ടിടത്തിന്‍റെ ഉദ്ഘാടന വേദി. അവിടെവെച്ച് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയത് മുഫീദ അഫ്രയാണ്. മുഫീദയെയും ആ സദസ്സിനെയും രാഹുൽ കംഫർട്ടബിളാക്കിയത് ഇങ്ങനെയാണ്- “പുഞ്ചിരിയാണ് എന്റെ മികച്ച ആശയവിനിമയം. മാസ്ക് വന്നശേഷം എന്റെ പുഞ്ചിരിയോ നിങ്ങളുടെ പുഞ്ചിരിയോ കാണാൻ കഴിയുന്നില്ല. എങ്കിലും മാസ്ക് ധരിക്കണം. ഞാൻ എന്റെ അമ്മയുടെ മുന്നിൽ പോകുമ്പോൾ മാസ്ക് ഉറപ്പായും ധരിക്കാറുണ്ട്. അതുപോലെയാണ് പുറത്തും.”
അവിടെ നിന്നങ്ങോട്ട് രാഹുൽ സംസാരിച്ചത് രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് ആ പെൺകുട്ടികൾ കേൾക്കാനാഗ്രഹിച്ച വാക്കുകളാണ്. “എനിക്കു നിങ്ങളോടു സംസാരിക്കാൻ വലിയ സന്തോഷമാണ്. കാരണം, നാളത്തെ ഇന്ത്യയുടെ ഭാവി നിങ്ങളാണ്. വിപ്ലവം സൃഷ്ടിക്കുന്ന ഈ പെൺകരുത്തിനു മുന്നിൽ സംസാരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു…..” ആ വാക്കുകളിൽ നിറയേണ്ടുന്ന ആവേശത്തെ തിരിച്ചറിഞ്ഞു പ്രകടിപ്പിച്ചത് ആ പരിഭാഷകയാണ്. അതു ഹൃദയത്തിൽനിന്നു വന്നതാണ്. പ്രസംഗശേഷം വേദിയിൽ വെച്ചു തന്നെ അഭിനന്ദനമറിയിച്ചാണ് രാഹുൽ മുഫീദയെ പറഞ്ഞയച്ചത്.
ഒരു സമൂഹത്തെ മുഴുവനും അസ്രയും സഫയും പൂജയും മുഫീദയുമൊക്കെ വഴി അയാൾ കംഫർട്ടബിളാക്കുകയാണ്, കാലമാവശ്യപ്പെടുന്ന മനുഷ്യത്വത്തിന്റെയും ലിംഗനീതിയുടെയുമൊക്കെ രാഷ്ട്രീയം വളരെ മനോഹരമായി അവരിലൂടെ സമൂഹത്തിലെത്തിക്കുകയാണ്. രാഹുൽ ഗാന്ധിയെന്ന മനുഷ്യനെ ഇന്ത്യക്കാവശ്യമുണ്ട് എന്നാവർത്തിക്കുന്നത് ഇതുകൊണ്ടൊക്കെയാണ്.