സ്വർണ്ണക്കടത്തിന് പിടിയിലായി ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഫയാസ് ആദ്യം പോയത് സി.പി.എം ചാനലിലേക്കാണ്. മുഖ്യമന്ത്രിയുടെ ഉപദേശകൻ കൂടിയായ ചാനൽ മേധാവി അന്ന് ഫയാസുമായി നടത്തിയ അഭിമുഖത്തിലുടനീളം ശ്രമിച്ചത് ഫയാസിനെ വെള്ളപൂശാനായിരുന്നു. അതേസമയം ഫയാസ് തുറന്നു പറഞ്ഞതാകട്ടെ സി.പി.എമ്മും നേതാക്കളുമായുള്ള ബന്ധവും.
കോഫെ പോസെ ചുമത്തി 415 ദിവസമാണ് ഫയാസ് ജയിലിൽ കിടന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഫയാസ് അടുത്ത ദിവസം നേരിട്ട് പ്രത്യക്ഷപ്പെട്ടത് സി.പി.എം പാർട്ടി ചാനലിലായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ പ്രതിക്ക് ലഭിക്കേണ്ട പരിഗണനയല്ല അന്ന് പാർട്ടി ചാനൽ ഫയാസിന് നൽകിയത്. ഒരു സെലിബ്രിറ്റി പരിവേഷം നൽകിയായിരുന്നു ചാനൽ മേധാവി ഫയാസിനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
ഓരോ ചോദ്യത്തിലും വീരപരിവേഷം ചാർത്താനുള്ള ശ്രമം പ്രകടമായിരുന്നു. സി.ബി.ഐ, കസ്റ്റംസ് എന്നീ ഏജൻസികളുടെ അന്വേഷണം നേരിടുന്ന ഘട്ടത്തിലാണ് ഫയാസിനെ പാർട്ടി ചാനൽ ഇത്തരത്തിൽ ജനങ്ങൾക്ക് മുന്നിൽ വീര പരിവേഷം നൽകി അവതരിപ്പിച്ചത്. ടി.പി ചന്ദ്രശേഖരൻ വധത്തിലെ പ്രതികളുമായി നല്ല സൗഹൃദവും വ്യക്തിബന്ധവും എക്കാലത്തും തനിക്കുണ്ടെന്ന് ഫയാസ് തന്നെ അഭിമുഖത്തിൽ തുറന്നുപറയുകയും ചെയ്തു.
ടി.പി ചന്ദ്രശഖരൻ വധക്കേസിൽ അറസ്റ്റിലായ പി മോഹനനെ അറബി വേഷത്തിൽ ജയിലിൽ സന്ദർശിച്ചത് സി.പി.എം നേതാക്കളുമായുള്ള അടുത്ത ബന്ധത്തിന്‍റെ ഭാഗമായാണെന്ന് ഫയാസ് വിശദീകരിച്ചു. പാർട്ടിക്കും നേതാക്കൾക്കും തന്നെ നന്നായി അറിയാവുന്നതുകൊണ്ടാണ് താൻ സി.പി.എം നിയന്ത്രണത്തിലുള്ള ചാനലിൽ അഭിമുഖത്തിന് എത്തിയതെന്നും ഫയാസ് തുറന്നു പറഞ്ഞു. ഫയാസിനെ വെള്ളപൂശാൻ പാർട്ടി ചാനൽ തിരക്കഥ തയാറാക്കി നടത്തിയ ഈ അഭിമുഖം ചുരുക്കത്തിൽ മാഫിയാ സംഘങ്ങളുമായി സി.പി.എമ്മിനും അതിന്‍റെ നേതാക്കൾക്കുമുള്ള ബന്ധം വെളിവാക്കുന്നതായി മാറുകയായിരുന്നു.
https://www.facebook.com/JaihindNewsChannel/videos/883936082130988