കുവൈത്തിൽ നിന്നെത്തിയ 16 കാസർകോട് സ്വദേശികൾ കണ്ണൂർ-കാസർകോട് അതിർത്തി പ്രദേശമായ കാലിക്കടവിൽ മണിക്കൂറുകളോളം പെരുവഴിയിലായി. ക്വാറന്‍റൈൻ സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് അതിർത്തിയിൽ കുടുങ്ങിയത്. ക്വാറന്‍റൈൻ സൗകര്യം ഒരുക്കുന്നതിൽ കാസർകോട് ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച.
കുവൈത്തിൽ നിന്നും ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഇവർ നെടുമ്പാശേരിയിൽ എത്തിയത്. തുടർന്ന് ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇവർ കാലിക്കടവിലെത്തി. മൂന്ന് ബസുകളിലായി പുറപ്പെട്ട ഇവർ മണിക്കൂറിലേറെ കണ്ണൂർ -കാസർകോട് അതിർത്തി പ്രദേശമായ കാലിക്കടവിൽ കാത്ത് കിടക്കേണ്ടി വന്നു.
കാസർകോട് ജില്ലക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്‍റൈൻ സംവിധാനം ഒരുക്കാത്തതിനാലാണ് ഇവർ കാത്തുകിടക്കേണ്ടി വന്നത്. പ്രാഥമിക സൗകര്യം പോലുമില്ലാതെ സ്ത്രീകൾ അടക്കമുള്ളവരാണ് ഇവിടെ അകപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഭക്ഷണം കഴിച്ചതെന്നും അതിന് ശേഷം ഭക്ഷണം ലഭിച്ചില്ലെന്നും പ്രവാസികൾ പറഞ്ഞു.
സംഭവം വിവാദമായതോടെ 11 പേർക്ക് അതത് പഞ്ചായത്തുകളിൽ ക്വാറന്‍റൈൻ ചെയ്യുവാൻ സൗകര്യമൊരുക്കി. ബാക്കി 3 പേർക്ക് പെയിഡ് ക്വാറന്‍റൈൻ സൗകര്യവും ഒരുക്കി.കാസർകോട് ജില്ലയിൽ ക്വാറന്‍റൈൻ സൗകര്യം കുറഞ്ഞതാണ് പ്രവാസികളെ പെരുവഴിയിലാക്കിയത്. വരും ദിവസങ്ങളിലും ഈ പ്രതിസന്ധി വർദ്ധിക്കും.
https://youtu.be/JPb5GUqgsjg