ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ; ശിക്ഷാവിധി നാളെ

Jaihind News Bureau
Tuesday, December 22, 2020

സിസ്റ്റർ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദർ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സി.ബി.ഐ. പ്രത്യേക കോടതി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്.

സെഫിക്കെതിരെ കുലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കൽ എന്നിവ തെളിഞ്ഞതായും വിധി പ്രസ്താവിക്കവേ കോടതി വ്യക്തമാക്കി. ദൈവത്തിന് നന്ദി എന്നായിരുന്നു വിധി പ്രഖ്യാപനത്തിന് പിന്നാലെ കുടുംബത്തിന്‍റെ പ്രതികരണം.

അഭയ കൊലക്കേസില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണ ഡിസംബര്‍ 10-നാണ് പൂര്‍ത്തിയായത്. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പറയുന്നത്‌. സി.ബി.ഐക്കുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം. നവാസ് ഹാജരായി.

പയസ് ടെൻത്ത് കോണ്‍വെന്‍റിലെ സിസ്റ്റർ അഭയയുടെ ദുരൂഹമരണ കേസ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 1992 മാർച്ച് 27നാണ് രജിസ്റ്റര്‍ ചെയ്യുന്നത്. സ്വാധീനങ്ങള്‍ക്കുമുന്നിൽ പൊലീസ് മുട്ടുകുത്തിയപ്പോള്‍ തോമസ് ഐക്കരകുന്നേലെന്ന കർഷകനായ അഭയയുടെ അച്ഛനും അമ്മ ലീലാമ്മക്കുമൊപ്പം ഒരു കൂട്ടമാൾക്കാർ പിന്തുണയുമായെത്തി. 28 വർഷത്തിനിടെ 16 സംഘങ്ങളാണ് അന്വേഷിച്ചത്.