ഫാദർ സ്റ്റാൻ സ്വാമിയെ വിട്ടയക്കണം ; പ്രധാനമന്ത്രിക്ക് ടി.എൻ പ്രതാപൻ എംപിയുടെ കത്ത്

Jaihind News Bureau
Monday, October 12, 2020

 

തൃശൂർ: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന അന്വേഷണം സംശയാസ്പദമാണെന്നും ഏകപക്ഷീയമാണെന്നും കുറ്റപ്പെടുത്തി ടി. എൻ പ്രതാപൻ എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. കേസുമായി ബന്ധപ്പെട്ട് എൻഐഎ അറസ്റ്റ് ചെയ്ത ഫാദർ സ്റ്റാൻ സ്വാമി, ഡി.യു പ്രൊഫസർ എം.ടി ഹാനി ബാബു തുടങ്ങിയവരെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

ഭീമ കൊറേഗാവ് കേസിലെ എൻഐഎ അന്വേഷണം വിയോജിപ്പിന്‍റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ പദ്ധതി നടപ്പിലാക്കുന്നതാണ്. ഏകപക്ഷീയമായ അന്വേഷണം രാഷ്ട്രീയ വൈരാഗ്യം തീർക്കാനും അടിച്ചമർത്തപ്പെട്ടവർക്ക് നേരെ വീണ്ടും പീഡനങ്ങൾ നടത്താനുമുള്ള നീക്കമാണ്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്.

ദളിത്- ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ഫാദർ സ്റ്റാൻ പോലെയുള്ള വയോധിക വൈദികരെ രാജ്യം ആദരിക്കുന്നതിന് പകരം വേട്ടയാടുന്നത് ഭൂഷണമല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളോടും അധസ്ഥിത വിഭാഗങ്ങളോടുമുള്ള കേന്ദ്രസർക്കാരിന്‍റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്നും പ്രതാപൻ കുറ്റപ്പെടുത്തി. രാജ്യത്ത് സ്വതന്ത്ര ചിന്ത അവസാനിക്കുകയാണെന്ന് തോന്നിക്കും വിധമാണ് അന്വേഷണ ഏജൻസികളും പൊലീസ് സംവിധാനവും പ്രവർത്തിക്കുന്നതെന്നും ടി എൻ പ്രതാപൻ കുറ്റപ്പെടുത്തി.