കാപ്പ ചുമത്തരുതെന്ന് ഫർസീന്‍; ഡിഐജിയുടെ നോട്ടീസിന് വിശദീകരണം നല്‍കി

Jaihind Webdesk
Saturday, August 27, 2022

 

കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താൻ ഡിഐജി രാഹുല്‍ ആര്‍ നായര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി യൂത്ത് കോൺഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് ഫര്‍സീന്‍ മജീദ്. പതിമൂന്ന് കേസുകളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ഫര്‍സീൻ മറുപടി നൽകിയത്. അഭിഭാഷകൻ മുഖേനയാണ് ഫർസീൻ ഡിഐജിയ്ക്ക് മറുപടി നൽകിയത്.

പോലീസ് സംരക്ഷണയിലാണ് താന്‍ കഴിയുന്നതെന്നും എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നും ഫര്‍സീന്‍ മജീദ് മറുപടിയില്‍ ചോദിച്ചു. ഈ പശ്ചാത്തലത്തിൽ കാപ്പ ചുമത്താനുള്ള നടപടികളിൽ നിന്ന് പിന്മാറണമെന്നും ഫര്‍സീന്‍ ആവശ്യപ്പെട്ടു. മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ്  കാപ്പ ചുമത്താനുള്ള നീക്കം.

ഫർസീനെതിരെ 13 കേസുകളുണ്ടെന്നും ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമായിരുന്നു പോലീസിന്‍റെ ആവശ്യം. കമ്മീഷണർ ആർ ഇളങ്കോ സമർപ്പിച്ച റിപ്പോർട്ടില്‍ ഡിഐജി രാഹുൽ ആർ നായർ ഫർസീന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയായിരുന്നു. അതേസമയം  ഫർസീന് എതിരെയുള്ള പതിമൂന്ന് കേസുകളിൽ 11 കേസുകളും കൊവിഡ് കാലത്ത് കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതുപോലെയുള്ള നിസാര കേസുകളാണ്.