കിഴിവിനെ ചൊല്ലി തർക്കം; നെല്ല് സംഭരണം വഴിമുട്ടി; അധ്വാനവും വിളവും പാഴാകുമെന്ന ആശങ്കയിൽ നെൽകർഷകർ

Jaihind Webdesk
Tuesday, April 30, 2019

കിഴിവിനെ ചൊല്ലിയുള്ള തർക്കം മൂലം നെല്ല് സംഭരണം വഴിമുട്ടിയപ്പോൾ ഒരു സീസണിലെ അധ്വാനവും വിളവും പാഴാകുമെന്ന ആശങ്കയിൽ കോട്ടയത്തെ നെൽകർഷകർ.  22 ഏക്കറിലെ നെല്ലാണ് ഒരാഴ്ചയായി പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. നെല്ലിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായതിനാൽ 4 കിലോ വരെ കിഴിവ് നൽകണമെന്നാണ് ഏജന്റുമാരുടെ ആവശ്യം.

കോട്ടയം ഇല്ലിക്കൽ പതിനഞ്ചിൽ കടവ് പാടശേഖമാണിത്. കൊയ്ത് കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടു. ഈർപ്പം കൂടുതലാണെന്ന കാരണത്താൽ 4 കിലോ കിഴിവ് നൽകണമെന്നാണ് നെല്ല് സംഭരിക്കാനെത്തിയ ഏജന്റുമാർ ആവശ്യം. ഇത്രയും കിഴിവ് നൽകാനാവില്ലെന്ന് കർഷകർ നിലപാടെടുത്തതോടെ ഏജന്റുമാർ മടങ്ങി. പരാതിയെ തുടർന്ന് സപ്ലൈകോ അധികൃതർ സ്ഥലത്തെത്തി നെല്ല് പരിശോധിച്ചു. ഇതിൽ രണ്ട് മൂടയിലെ നെല്ലിൽ മാത്രമാണ് ഈർപ്പക്കൂടുതലുള്ളത്. എന്നാൽ ഏജന്റുമാർ കിഴിവ് ആവശ്യപ്പെട്ടതാകട്ടെ മുഴുവൻ നെല്ലിനും.

മറ്റുള്ള കർഷകർ തങ്ങളുടെ നെല്ല് ഉണക്കാൻ ഇതിനോടകംതന്നെ വലിയൊരു തുക ചിലവഴിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം കിഴിവുകൂടി നൽകിയാൽ മിച്ചമൊന്നും ഉണ്ടാകില്ലൈന്നും ഇവർ പറയുന്നു. രണ്ടു ദിവസത്തിനുള്ളിൽ സംഭരിച്ചില്ലെങ്കിൽ നെല്ല് റോഡിലിട്ട് ഗതാഗതം തടയാനാണ് തീരുമാനം.