തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തും ; ആഹ്വാനം നടത്തി കിസാന്‍ മഹാ പഞ്ചായത്ത്

Jaihind Webdesk
Monday, September 6, 2021

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് കിസാന്‍ മഹാ പഞ്ചായത്ത്.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രഖ്യാപന വുമായി കിസാന്‍ മഹാ പഞ്ചായത്ത് രംഗത്തെത്തിയത്. അതേസമയം കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27 ലേക്ക് മാറ്റി.

കേരളം അടക്കം പതിനഞ്ച് സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ക്കും ബി ജെ പി സര്‍ക്കാരുകള്‍ക്കുമെതിരെ പ്രതിഷേധവുമായി മുസഫര്‍ നഗറിലേക്ക് എത്തിയത്. കലാപം നടന്ന മണ്ണില്‍ കൂട്ടായ്മ നടത്തിയതിലുടെ ബിജെപിക്ക് നല്‍കുന്നത് ശക്തമായ സന്ദേശമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോല്‍പിക്കുക എന്ന ലക്ഷ്യത്തോടെ മിഷന്‍ യുപി, മിഷന്‍ പഞ്ചാബ്, മിഷന്‍ ഉത്തരാഖണ്ഡ് എന്നീ പദ്ധതികളും സംഘടന പ്രഖ്യാപിച്ചു. ബികെയു നേതാക്കളായ രാകേഷ് ടിക്കായത്ത്, നരേഷ് ടിക്കായത്ത്, ദര്‍ശന്‍ പാല്‍ , അടക്കമുള്ളവര്‍ മഹാ പഞ്ചായത്തിന് എത്തി. അതെ സമയം കര്‍ഷകര്‍ രാജ്യത്തിന്റെ ശബ്ദവും അഭിമാനവുമാണ് അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

മഹാ പഞ്ചായത്തിന്റെ ഭാഗമായി യുപിയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതിനിടെ കര്‍ഷകസമരത്തെ പിന്തുണച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി രംഗത്തെത്തി. കര്‍ഷകര്‍ നമ്മുടെ ചോരയും മാംസവുമാണെന്ന് വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും വരെ ചര്‍ച്ചകള്‍ തുടരണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. മഹാപഞ്ചായത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് വരുണ്‍ ഗാന്ധിയുടെ ട്വിറ്റര്‍ പ്രതികരണം