സമരവേദി മാറ്റില്ല, ഉപാധിവെച്ചുള്ള ചര്‍ച്ചയ്ക്കുമില്ല ; അമിത് ഷായെ തള്ളി കർഷകർ

Jaihind News Bureau
Sunday, November 29, 2020

 

ന്യൂഡല്‍ഹി : ബുറാഡിയിൽ സർക്കാർ നിശ്ചയിച്ച സമരവേദിയിലേക്ക് മാറിയാൽ ഉടൻ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉപാധി തള്ളി കർഷകർ. സര്‍ക്കാര്‍ പറഞ്ഞ സ്ഥലത്ത് സമരം ചെയ്യാനാകില്ല. ഉപാധിവെച്ചുള്ള ചര്‍ച്ചയ്ക്കില്ല‍. ചര്‍ച്ച വേണമെങ്കില്‍ സമരവേദിയിലേക്ക് വരണമെന്നും സമരക്കാർ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ തൊട്ടടുത്ത ദിവസം ചര്‍ച്ച നടത്താമെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം കര്‍ഷകരോട് പറഞ്ഞിരുന്നത്. സമരവേദി മാറ്റില്ലെന്ന് ആദ്യം തന്നെ കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുമായും മറ്റു സംഘടനകളുടെ അഭിപ്രായവും ആരാഞ്ഞതിനു പിന്നാലെയാണ് അന്തിമതീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.

അതേസമയം തുടർച്ചയായ നാലാം ദിവസത്തിലേക്കാണ് കർഷക പ്രക്ഷോഭം കടക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾക്ക് പുറമേ യുപി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും കൂടുതല്‍ കർഷകർ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുകയാണ്. കാർഷിക മേഖല കോർപ്പറേറ്റുകൾ കയ്യടക്കില്ലെന്ന് ഉറപ്പാക്കുക, താങ്ങ് വില നിയമപരമാക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമാകാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. പൊലീസ് നിർദേശം അനുസരിച്ച് ഒരു വിഭാഗം കർഷകർ ബുറാഡിയിലെ നിരങ്കരി മൈതാനത്തും പ്രതിഷേധം തുടരുകയാണ്.