ഡല്‍ഹിയെ വിറപ്പിച്ച് കർഷക മാർച്ച് ; യുദ്ധസമാനം, ഒരു കർഷകന്‍ വെടിയേറ്റ് മരിച്ചു

 

ന്യൂഡൽഹി  : റിപ്പബ്ലിക് ദിനത്തിൽ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി കർഷകർ നടത്തിയ ട്രാക്ടർ റാലിയില്‍ സംഘർഷഭരിതമായി രാജ്യതലസ്ഥാനം. കർഷകർ ചെങ്കോട്ടയിലും ഐ.ടി.ഒയിലും ഉള്‍പ്പെടെ ശക്തമായ സമരമുഖം തീർത്തതോടെ ഡല്‍ഹി ഗതാഗതക്കുരുക്കിലായി. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച അവകാശ പോരാട്ട സമരത്തിനിടെ  ഒരു കർഷകൻ മരിച്ചു. പൊലീസ് വെടിവെപ്പിലാണ് കർഷകൻ മരിച്ചതെന്ന് കർഷകർ ആരോപിച്ചു. ഉത്തരാഖണ്ഡില്‍ നിന്നുള്ള കർഷകനാണ് മരിച്ചത്.

പൊലീസ് അതിശക്തമായി മാർച്ചിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കർഷകർ ബാരിക്കേഡുകളെല്ലാം മറികടന്ന് ഡൽഹി നഗരത്തിലേക്ക് പ്രവേശിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ചിന് നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. ട്രാക്ടറുകളുടെ ടയറിന്‍റെ കാറ്റ്പൊലീസ് അഴിച്ചുവിടുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.

 

 

രാവിലെ സിംഘുവിൽനിന്ന് ആരംഭിച്ച മാർച്ച് കർനാലിൽ അവസാനിപ്പിച്ചാണ് കർഷകർ മടങ്ങിയത്. സിംഘുവിൽ നിന്നുള്ളവർ ട്രാക്ടറുകള്‍ ഉപയോഗിച്ച് പൊലീസ് ബാരിക്കേഡുകൾ തകർത്ത് ജി.ടി റോഡ് വരെ എത്തിയിരുന്നു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്ടർ മാർച്ച് എത്തി. ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ പാണ്ഡവ് നഗറിന് സമീപം കർണാൽ ബൈപാസിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കർഷകർ മറികടന്നു.

അതേസമയം, നഗരത്തിലേക്ക് പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബി.കെ.യു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവരാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്നും നേതാക്കൾ അറിയിച്ചു.

മുൻകൂർ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കർഷക മാർച്ച് ആരംഭിച്ചത്. റിപ്പബ്ലിക് ദിന പരേഡിനുശേഷം 11 മണിയോടെ കർഷക മാർച്ച് ആരംഭിക്കാനായിരുന്നു നേരത്തെ അനുമതി നൽകിയിരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പാതയിൽനിന്നു വ്യതിചലിച്ച് രാവിലെ എട്ട് മണിയോടെ മാർച്ച് ആരംഭിച്ചിരുന്നു.

 

Comments (0)
Add Comment