ഡല്‍ഹിയില്‍ വനിത കർഷകരുടെ മാർച്ച് ഇന്ന് ; പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ് ; സമരം 54-ാം ദിവസത്തിലേക്ക്

Jaihind News Bureau
Monday, January 18, 2021

 

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രതിഷേധം 54-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് സ്ത്രീകളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭ പരിപാടികൾക്കാണ് സംഘടനകൾ ആഹ്വനം ചെയ്തിരിക്കുന്നത്.  പ്രക്ഷോഭത്തിന് മഹിളാ കോണ്‍ഗ്രസ്  പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യത്തിൽ  ഉറച്ചു നിൽക്കുകയാണ് സംഘടനകൾ. നിയമങ്ങൾ പിൻവലിക്കാതെ കൊവിഡ് വാക്‌സിൻ ഉൾപ്പെടെ സ്വീകരിക്കില്ലെന്നും  റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്ടർ റാലി പിൻവലിക്കില്ലെന്നും കർഷക നേതാക്കള്‍ അറിയിച്ചു. റാലിയിൽ പങ്കെടുക്കാൻ രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് കർഷകർ അതിർത്തികളിലേക്ക് എത്തുന്നത് തുടരുകയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്നും കർഷക നേതാക്കൾ അറിയിച്ചു.