സമരം 16-ാം ദിവസത്തിലേക്ക് ; പ്രതിഷേധം കടുപ്പിക്കാന്‍ കർഷകർ ; ട്രെയിനുകള്‍ തടയും

Jaihind News Bureau
Friday, December 11, 2020

 

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍. പ്രതിഷേധം പതിനാറാം ദിവസത്തിലേക്ക് കടക്കുകയാണ്. ദേശീയപാതകൾക്ക് പുറമേ രാജ്യവ്യാപകമായി അനിശ്ചിത കാല ട്രെയിൻ തടയൽ സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം.

ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ദേശീയപാതകൾ നാളെ ഉപരോധിക്കും. ടോള്‍ പിരിക്കാനും അനുവദിക്കില്ല. തിങ്കളാഴ്ച രാജ്യവ്യാപകമായി ബിജെപി ഓഫീസുകൾ ഉപരോധിക്കുന്നത് ഉള്‍പ്പടെ നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സംഘടനകൾ ഇന്ന് യോഗം ചേരും.

അതേസമയം നിയമങ്ങൾ പൂർണമായി പിൻവലിക്കില്ലെന്നും ഭേദഗതികളാകാമെന്നുമുള്ള നിലപാടിലാണ് സർക്കാർ. എന്നാൽ, നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സംഘടനകൾ. ചൂണ്ടിക്കാട്ടിയ 15 പ്രശ്നങ്ങളിൽ 12 എണ്ണവും കേന്ദ്രം ശരിവയ്ക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിൻവലിക്കാൻ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കി.