കോണ്‍ഗ്രസ് മാർച്ച് തടഞ്ഞ് പൊലീസ് ; പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു ; വ്യാപക പ്രതിഷേധം

Jaihind News Bureau
Thursday, December 24, 2020

ന്യൂഡല്‍ഹി : അനുമതി നിഷേധിച്ചിട്ടും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടര്‍ന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ  അറസ്റ്റ് ചെയ്തു. ഡല്‍ഹി പൊലീസിന്റേതാണ് നടപടി. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുളള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ആരംഭിച്ചതോടെ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി.  പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം. സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. അവര്‍ കര്‍ഷകരുടെ വയറ്റത്ത് ചവിട്ടുകയാണ്. സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനാണ് അവര്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നത് – പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിയും ഗുലാംനബി ആസാദും അധിർ രജ്ഞൻ ചൗധരിയും രാഷ്ട്രപതിയെ കാണുകയാണ്. കേരളത്തിൽ നിന്നുള്ള നിരവധി എംപിമാരും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. രണ്ടുകോടി പേര്‍ ഒപ്പിട്ട നിവേദനവും കോണ്‍ഗ്രസ് സമർപ്പിക്കും.  രണ്ട് ട്രക്ക് നിറയെ നിവേദനം രാഷ്ട്രപതി ഭവനിലെത്തിക്കും.