കർഷക പ്രതിഷേധം തുടരുന്നു ; നേതാക്കള്‍ എന്‍ഐഎ ചോദ്യംചെയ്യലിന് ഹാജരാകും

Jaihind News Bureau
Sunday, January 17, 2021

ന്യൂഡൽഹി : അതിർത്തിയിൽ കർഷക പ്രതിഷേധം തുടരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരിൽ എന്‍ഐഎ സമൻസ് ലഭിച്ചവർ ഇന്നും നാളെയുമായി ചോദ്യംചെയ്യലിന് ഹാജരാകും. ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളെന്ന നിലയിലാണ് ചോദ്യം ചെയ്യൽ. അതേസമയം കർഷക നേതാവ് ബൽദേവ് സിങ് സിർസ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.

കർഷക പ്രതിഷേധം 53ാം ദിവസത്തിലേക്ക് കടക്കുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ. കഴിഞ്ഞ ഡിസംബർ 15ന് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിലാണ് കർഷക നേതാക്കൾ അടക്കമുള്ളവരോട് ഇന്നും നാളെയുമായി ഡൽഹി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ ആവശ്യപ്പെട്ടത്.
രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാൻ ഖാലിസ്ഥാൻ അനുകൂല സംഘടനകളായ സിഖ് ഫോർ ജസ്റ്റിസ്, ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്, ബബ്ബാർ ഖാൽസ ഇന്‍റർനാഷണൽ, ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്നിവ ഗൂഢാലോചന നടത്തുന്നുവെന്നാണ് കേസ്.

കർഷ സമരത്തിന്‍റെ മുൻ നിരയിലുള്ള നേതാവ് ബൽദേവ് സിങ് സിർസ, സുരേന്ദർ സിങ് തിക്രിവാള്‍, പല് വിന്ദർ സിങ്, പ്രദീപ് സിങ്, ലോബല് ജിത് സിങ്, കർണാല് സിങ് എന്നിവർ നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. കലാകാരന്മാർ, ഡ്രൈവർമാർ, മാധ്യമപ്രവർത്തകർ തുടങ്ങി ഒരു ഡസണിലധികം പേർക്കും സമന്‍സ് ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 7 വരെ വ്യക്തിപരമായ തിരക്കുകള്‍ ഉണ്ടെന്നും ഒദ്യോഗികമായി നോട്ടീസ് ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ബൽദേവ് സിങ് സിർസ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.

കേസിനെ സമരവുമായി അനാവശ്യമായി കൂട്ടിക്കെട്ടുകയാണെന്നും അപകീർത്തിപ്പെടുത്താനുള്ള ശ്രമാണെന്നും കർഷക സംഘടനകള്‍ പ്രതികരിച്ചു. കാർഷിക നിയമങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ രൂപീകരിച്ച സമിതിയിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ ലോക്ശക്തി സുപ്രീംകോടതിയെ സമീപിച്ചു.
അംഗങ്ങൾ സർക്കാർ അനുകൂല നിലപാടുകൾ ഉള്ളവരെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.