ദേശീയപാത 766 ലെ യാത്രാ നിരോധനം : കേരള കര്‍ഷക മുന്നണി കര്‍ണ്ണാടക അതിര്‍ത്തിയിലേക്ക് ലോങ് മാര്‍ച്ച് നടത്തി

Jaihind News Bureau
Monday, September 30, 2019

കോഴിക്കോട് മൈസൂര്‍ ദേശീയപാത 766 പൂര്‍ണ്ണമായി അടക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക മുന്നണി കര്‍ണ്ണാടക അതിര്‍ത്തിയിലേക്ക് ലോങ് മാര്‍ച്ച് നടത്തി. ജില്ലയിലെ മുഴുവന്‍ കര്‍ഷകരും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. പാത അടച്ചിടല്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ യുവജനകൂട്ടായ്മ നടത്തുന്ന സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ചാണ് കർഷകർ മാർച്ച് നടത്തുന്നത്. കർഷകർക്കൊപ്പം വിദ്യാർത്ഥികളും നാട്ടുകാരും വിവിധ കൂട്ടായ്മകളും അണിചേർന്നു. ബത്തേരിയിൽ നടക്കുന്ന നിരാഹാര സമരസമരത്തിന് രാഹുൽ ഗാന്ധി എംപിയും പിന്തുണ പ്രഖ്യാപിച്ചതോടെ സമരത്തിന് കരുത്ത് വർദ്ധിച്ചു.

ഒക്ടോബര്‍ 14ന് ദേശീയപാത വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കും മുന്‍പ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തി തങ്ങള്‍ക്കനുകൂലമായ വിധി സമ്പാദിക്കുകയാണ് സമരസമിതിയുടെ ലക്ഷ്യം. പാതയടക്കല്‍ നീക്കം ഏറ്റവുമധികം ബാധിക്കുക ജില്ലയിലെ കര്‍ഷക, വ്യാപാര മേഖലകളെയാണ്. ഈ സാഹചര്യത്തിലാണ് കര്‍ഷകരെ മുന്‍നിര്‍ത്തിയുളള ലോങ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബത്തേരിയിലെ സമരപന്തലില്‍ നിന്ന് കര്‍ണാടക അതിര്‍ത്തി വരെ 17 കിലോമീറ്ററായിരുന്നു  മാര്‍ച്ച്.

ജില്ലയിലെ കര്‍ഷകരെയും പ്രതിഷേധത്തിന് പിന്തുണ നല്‍കുന്ന നാട്ടുകാരെയും, വിദ്യാർത്ഥികളെയും  അണിനിരത്തി ശക്തമായ പ്രതിഷേധമാണ് അലയടിച്ചത്. സമരത്തിന് രാഹുൽ ഗാന്ധി എം പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ സമരത്തിന് ഐക്യദാർഢൃം പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തും എന്ന് അറിയിച്ചതോടെ കർഷകരുടെ സമര വീര്യം ഇരട്ടിയായി.

പാതയടക്കല്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യുവജനക്കൂട്ടായ്മ നടത്തുന്ന നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നു. ദിവസവും ആയിരക്കണക്കിനാളുകളാണ് സമരത്തിന് പിന്തുണയുമായി സമരപ്പന്തലിലെത്തുന്നത്.