ബിജെപിയില്‍ നിന്നും പിടിച്ചെടുത്ത സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എത്രയും വേഗം എഴുതിത്തള്ളും; വാക്കുപാലിച്ച് രാഹുല്‍ഗാന്ധി

Jaihind Webdesk
Saturday, December 15, 2018

ബിജെപിയെ തകര്‍ത്ത് ഭരണം പിടിച്ചെടുത്ത ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എത്രയും വേഗം എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലേറിയാല്‍ പത്ത് ദിവസത്തിനകം കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനം നല്‍കിയിരുന്നു. ‘ഞങ്ങള്‍ (കോണ്‍ഗ്രസ്) കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ പോകുകയാണ്’. രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

അശോക് ഗെലോട്ടിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്റെ ഈ പ്രതികരണം. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍ നാഥിനെ തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വ്യാഴാഴ്ച്ച വന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനവാഗ്ദാനമായിരുന്നു കര്‍ഷക കടങ്ങള്‍ എഴുതി തള്ളുമെന്നത്. അത് നിറവേറ്റുമെന്ന ഉറപ്പാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനില്‍ നിന്നുണ്ടായിരിക്കുന്നത്. കൂടാതെ കര്‍ഷകര്‍ക്കുവേണ്ടി എന്നും നിലകൊള്ളുമെന്നും രാഹുല്‍ഗാന്ധി ഉറപ്പുനല്‍കി.