കർഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിബി ജെ മോനിപ്പള്ളി അന്തരിച്ചു

Jaihind News Bureau
Monday, January 20, 2020

ന്യൂഡല്‍ഹി: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും നാഫെഡ് ഡയറക്ടറുമായ അഡ്വ. സിബി ജെ മോനിപ്പള്ളി (53) നിര്യാതനായി. ഡല്‍ഹിയിലെ സരായ് രോഹില്ല റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ന്യൂ റോത്തക് റോഡിലുള്ള ജീവന്‍ മാല ആശുപത്രിയിലെത്തിച്ചെങ്കിലും അധികൃതർ മരണം സ്ഥിരീകരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനായി ഞായറാഴ്ച കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിക്ക് തിരിച്ച സിബി ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്രചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

കര്‍ഷക നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകനാണ് സിബി. റബര്‍ ബോര്‍ഡ് അംഗം, റബര്‍ മാര്‍ക്ക് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. റബര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റാണ്. ഹൈക്കോടതി അഭിഭാഷകനായ സിബി എറണാകുളം കാക്കനാടാണ് താമസിക്കുന്നത്. മുംബൈ ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്നാണ് നിയമബിരുദം നേടിയത്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ഡ്രൈബ്യൂണല്‍ വിഭാഗത്തിലാണ് കൂടുതലും കേസുകള്‍ കൈകാര്യം ചെയ്തിരുന്നത്.കരിക്കാട്ടൂര്‍ കൂന്താനം കുടുംബാംഗമായ ബീനയാണ് ഭാര്യ. ആദര്‍ശ്, അരവിന്ദ് എന്നിവർ മക്കളാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി, കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍ എം.പി,കെ.സി ജോസഫ് എം.എല്‍.എ, പ്രൊഫ. കെ.വി തോമസ് തുടങ്ങിയവര്‍ അനുശോചിച്ചു.

teevandi enkile ennodu para