മഹാരാഷ്ട്രയിലെ കർഷകന് ഉള്ളി വിറ്റ് കിട്ടിയത് കിലോയ്ക്ക് ഒരു രൂപ നാല്‍പത് പൈസ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അയച്ചുകൊടുത്ത് തന്‍റെ പ്രതിഷേധം രേഖപ്പെടുത്തി. നിഫാദ് എന്ന ഗ്രാമത്തിലെ സഞ്ജയ് സാഥേ എന്ന കര്‍ഷകനാണ് 750 കിലോ ഉള്ളി വിറ്റുകിട്ടിയ 1064 രൂപ പ്രധാനമന്ത്രിയ്ക്ക് അയച്ചത്. 2010ൽ ഒബാമയുടെ ഇന്ത്യന്‍ സന്ദർശന വേളയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ തെരഞ്ഞെടുക്കപ്പെട്ട കർഷക സംഘത്തിലെ അംഗമായിരുന്നു സഞ്ജയ് സാഥെ.
മാസങ്ങളോളം നീണ്ട അധ്വാനത്തിനുശേഷം 750 കിലോ ഉള്ളിയാണ് ഈ വിളവെടുപ്പു കാലത്ത് ഉത്പാദിപ്പിക്കാനായത്. നിഫാദിലെ മൊത്തവ്യാപാര ചന്തയിൽ വിൽക്കാൻ ചെന്നപ്പോൾ കിലോയ്ക്കു ഒരു രൂപയാണു വാഗ്ദാനം ലഭിച്ചത്. വിലപേശലിനൊടുവിൽ കിലോയ്ക്ക് 40 പൈസ കൂടി അധികം കിട്ടിയതോടെ 1.40 പെൈസയ്ക്ക് അധ്വാനിച്ചു നേടിയ മുഴുവന്‍ വിളവും വില്‍ക്കേണ്ടി വന്നു സാഥേയ്ക്ക്. 750 കിലോ വിറ്റപ്പോൾ ലഭിച്ചത് ആകെ 1,064 രൂപ. 4 മാസത്തോളം നീണ്ട കഠിനാധ്വാനത്തിനു ഇത്ര തുച്ഛമായ വില ലഭിക്കുന്നതു വേദനാജനകമാണ്. ഈ വിലക്കുറവ് കർഷകരുടെ അധ്വാനത്തെത്തന്നെ അപമാനിക്കുന്ന വിധത്തിലായെന്നും ഇതിലുള്ള സങ്കടവും രോഷവുമാണ് അസാധാരണമായ ഇത്തരം ഒരു പ്രതിഷേധം സ്വീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2010ൽ യുഎസ് പ്രസിഡന്‍റായിരുന്ന ബറാക് ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര കൃഷിമന്ത്രാലയം തെരഞ്ഞെടുത്ത കർഷകരുടെ സംഘത്തിലും അംഗമായിരുന്നു സാഥെ.
താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിനിധിയല്ലെന്നും എന്നാല്‍ കേന്ദ്ര സർക്കാരിന്‍റെ കര്‍ഷക വിരുദ്ധ നടപടികളോടും അവരുടെ കാര്യങ്ങളില്‍ കൈകൊള്ളുന്ന ക്രൂരമായ സമീപനത്തിൽ കടുത്ത അമർഷമുണ്ടെന്നും സാഥെ വ്യക്തമാക്കി.