ഒരുവശത്ത് കിറ്റ് മറുവശത്ത് പിഴ ; പുല്ലരിയാൻ പോയ കർഷകനില്‍ നിന്നും 2000 രൂപ ഈടാക്കി പൊലീസ് ; ഇതോ കരുതലെന്ന് സോഷ്യല്‍മീഡിയ

Jaihind Webdesk
Friday, July 30, 2021

കാസർകോട്​: പശുവിന്​ പുല്ലരിയാൻ  പറമ്പിലേക്ക്​ ഇറങ്ങിയ ക്ഷീര കർഷകന്​ 2000രൂപ പിഴയിട്ട് പൊലീസ്. ​ പൊലീസുകാർ വീട്ടിലെത്തിയാണ്​ പിഴയടക്കാൻ നോട്ടീസ്​ നൽകിയത്​. പിഴ നൽകിയില്ലെങ്കിൽ ​കേസ്​ കോടതിയിലെത്തിക്കുമെന്നും​ വലിയ പ്രയാസം നേരിടേണ്ടി വരുമെന്നും പൊലീസിന്‍റെ​ മുന്നറിയിപ്പ്​.

കോടോം-ബെളൂർ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കൽ വേങ്ങയിൽ വീട്ടിൽ വി. നാരായണനോടാണ്​ പൊലീസിന്‍റെ ക്രൂരത.  വീടിന് തൊട്ടടുത്തെ പറമ്പില്‍ മാസ്‌ക് ധരിച്ചശേഷം പുല്ലരിയാന്‍ പോകുകയായിരുന്നു നാരായണന്‍. പൂര്‍ണമായും വിജനമായ സ്ഥലമായിരുന്നു അത്.

‘പശുവിന്​ പുല്ലരിഞ്ഞാൽ കൊവിഡ്​ പരക്കുന്നത്​ എങ്ങനെയാണ്​. ക്വാറൻറീനിൽ കഴിയേണ്ട നിങ്ങൾ വേറെ ആരെ കൊണ്ടെങ്കിലും പുല്ല്​ അരിയാൻ പറയണം എന്നാണ്​ പൊലീസുകാർ നിർദേശിച്ചത്​. ആരാണ്​ എന്‍റെ പശുവിന്​ പുല്ലരിയാൻ വരിക. എന്ത്​ മണ്ടത്തരമാണ്​ പൊലീസ്​ പറയുന്നത്​’- നാരായണൻ പറയുന്നു.

അതേസമയം സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകവിമർശനമാണുയരുന്നത്. ഒരു വശത്ത് കിറ്റ് നല്‍കുന്ന സർക്കാർ മറുവശത്ത് ഫൈന്‍ ഈടാക്കി ജനങ്ങളെ പിഴിയുകയാണെന്ന് സമൂഹമാധ്യമങ്ങള്‍ പറയുന്നു. കൊവിഡ് കാലത്ത് കന്നുകാലികളെ ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന സർക്കാരില്‍ നിന്നുമാണ് ഇത്തരം വിരോധാഭാസ നടപടിയെന്നും പൊതുജനം പറയുന്നു.