കാര്‍ഷിക നിയമം : കോണ്‍ഗ്രസ് സർക്കാരുകളുടെ മാതൃകയില്‍ കേരളത്തിലും നിയമനിര്‍മ്മാണം നടത്തണം : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Wednesday, January 6, 2021

 

കോട്ടയം : വിവാദ കാര്‍ഷിക നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച്  കോണ്‍ഗ്രസ്  സര്‍ക്കാരുകള്‍  നിയമനിര്‍മ്മാണം നടത്തിയ മാതൃകയില്‍ കേരളത്തിലും നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കര്‍ഷകരോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഇടതു സര്‍ക്കാര്‍ ഇതിനുള്ള ആര്‍ജ്ജവം കാട്ടണം. കർഷക വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന മോദി സർക്കാരിന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുതുപ്പള്ളി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാക്കളായ ലതികാ സുഭാഷ്, ജോഷി ഫിലിപ്പ്, ടോമി കല്ലാരി, സുധാ കുര്യൻ, നാട്ടകം സുരേഷ്, ഏബ്രഹാം, വിവിധ തദ്ദേശ സ്വയം ഭരണ ജനപ്രതിനിധികൾ തുടങ്ങിയവർ പദയാത്രയിൽ അണിനിരന്നു.