കെ റെയില്‍ ഡിപിആറില്‍ കൃത്രിമ കണക്കുകള്‍; ഭൂകമ്പസാധ്യതാ കണക്ക് തിരുത്തി, റോഡപകടങ്ങളുടെ കണക്ക് പെരുപ്പിച്ചു

Jaihind Webdesk
Sunday, May 1, 2022

തിരുവനന്തപുരം: കെ റെയിലിന് വേണ്ടി സിസ്ട്ര നടത്തിയ  പഠന റിപ്പോർട്ടിലുള്ളത് കൃത്രിമമായ കണക്കുകള്‍. സില്‍വര്‍ലൈന്‍ പദ്ധതി അനിവാര്യമെന്നു വരുത്തനാണ് അടിസ്ഥാനകണക്കുകളില്‍ ക്രമക്കേട് നടത്തിയരിക്കുന്നത്.  റോഡപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള കണക്കുകള്‍  പദ്ധതിക്കാവശ്യമായ രീതിയില്‍ ക്രമീകരിച്ചതായിട്ടുള്ള റിപ്പോർട്ടകളാണ് പുറത്തുവരുന്നത്.

ഭൂകമ്പസാധ്യതയുടെ കാര്യത്തില്‍ സര്‍ക്കാര്‍കണക്ക് തിരുത്തിയാണ് സിസ്ട്രയുടെ റിപ്പോര്‍ട്ട്. 2002-ല്‍ തയ്യാറാക്കിയ മാപ്പുപ്രകാരം 6.5 റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പസാധ്യതയുള്ളതായി രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. ഇടിമിന്നലേല്‍ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളും സില്‍വര്‍ലൈനിന്‍റെ പാതയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല.

രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഡി.പി.ആറില്‍ പറയുന്നു. എന്നാല്‍, അപകടനിരക്കില്‍ കേരളം അഞ്ചാംസ്ഥാനത്താണ്.

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്‍റെ കണക്കുകള്‍പ്രകാരം ജീവന്‍ നഷ്ടമാകുന്നതില്‍ 55 ശതമാനംപേരും ഇരുചക്രവാഹനയാത്രികരും നടന്നുപോകുന്നവരുമാണ്. ഇവരെ എങ്ങനെ കെ-റെയിലിലേക്കു മാറ്റാന്‍ കഴിയുമെന്ന് ഡി.പി.ആറില്‍ പരാമര്‍ശമില്ല.

പ്രതീക്ഷിക്കുന്ന വെള്ളപ്പൊക്കനിരപ്പിനെക്കാള്‍ ഉയരത്തില്‍ പാളംനിര്‍മിക്കാനാണ് ഡി.പി.ആര്‍. നിര്‍ദേശിക്കുന്നത്. 2018-നുശേഷം വെള്ളപ്പൊക്കനില നിശ്ചയിച്ചിട്ടില്ല. ഇതിനുശേഷമുണ്ടായ പ്രളയത്തെ അടിസ്ഥാനമാക്കി പഠനം നടന്നിട്ടില്ല. ഇക്കാര്യം വിസ്മരിച്ച് പഴയകണക്കാണ് ഡി.പി.ആറില്‍ പരാമര്‍ശിക്കുന്നത്.

വിവിധരാജ്യങ്ങളുടെ ബുള്ളറ്റ് ട്രെയിനുകളെ സംബന്ധിച്ച് ഡി.പി.ആറില്‍ കൊടുത്തിട്ടുള്ള കണക്കുകളിലും പൊരുത്തക്കേടുണ്ട്. 6512 കിലോമീറ്റര്‍ ഹൈസ്പീഡ് ട്രാക്കാണ് ചൈനയിലുള്ളത്. എന്നാല്‍, സിസ്ട്രയുടെ പഠനത്തില്‍ 19,369 കിലോമീറ്ററാണ്. ഇത്തരത്തില്‍ വിവിധരാജ്യങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തിയതില്‍ വ്യത്യാസമുണ്ട്.