തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാർ എടുത്തുകാട്ടുന്ന കാര്യമാണ് ക്ഷേമപെന്‍ഷന്‍. എന്നാല്‍ ആ വാദങ്ങളെല്ലാം പൊള്ളയാണെന്ന വസ്തുത കഴിഞ്ഞ പത്തു വർഷമായി ക്ഷേമപെന്‍ഷന്‍ നടപ്പാക്കുന്നതിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പെന്‍ഷന്‍ നിബന്ധനകള്‍ ലഘൂകരിച്ച് ക്ഷേമ പെന്‍ഷനുകളുടെ ഗുണഫലം കൂടുതല്‍ പേർക്ക് ലഭ്യമാക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി സർക്കാർ ചെയ്തത്. എന്നാല്‍ പിണറായി സർക്കാരാകട്ടെ നിബന്ധനകള്‍ കർക്കശമാക്കി. ഇതിന്‍റെ ഫലമായി പെന്‍ഷന് അർഹരായ നിരവധി പേർ ലിസ്റ്റില്‍ നിന്ന് പുറത്താവുകയും ചെയ്തു.
2011 -ല്‍ എൽ.ഡി.എഫ് ഭരണം അവസാനിക്കുമ്പോൾ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 11,31,481 ആയിരുന്നു. തുടർന്ന് അധികാരമേറ്റ ഉമ്മന്‍ ചാണ്ടി സർക്കാർ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചത് വഴി കൂടുതല്‍ പേരിലേക്ക് ക്ഷേമ പെന്‍ഷന്‍ എത്തിക്കാനായി. യു.ഡി.എഫ് ഭരണകാലത്ത് 38,50,321 പേർക്ക് പെന്‍ഷന്‍ ലഭിച്ചു. അതായത് 27,18,840 അർഹർക്ക് കൂടി പെന്‍ഷന്‍ നല്‍കി. എല്‍ഡിഎഫ് സർക്കാർ കൊടുത്തതിനെക്കാള്‍ 240% വർധനവാണിത്. യുഡിഎഫ് കാലത്ത് ഒരു രൂപ പോലും പെന്‍ഷന്‍ ഇനത്തില്‍ കുടിശിക ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. അർഹതപ്പെട്ടവർക്ക് പെന്‍ഷനെത്തിക്കാന്‍ യുഡിഎഫ് സർക്കാർ കൈക്കൊണ്ട നടപടികള്‍ അഭിനന്ദനാർഹമായിരുന്നു.
ഉമ്മന്‍ ചാണ്ടി സർക്കാർ കൊണ്ടുവന്ന പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ചിലത് :
ബി.പി.എല്‍. പരിധിയില്‍ ഉള്ളവർക്ക് മാത്രം എന്നത് മയപ്പെടുത്തി ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള മുഴുവന്‍ ആളുകള്‍ക്കും പെന്‍ഷന് അപേക്ഷിക്കാന്‍ അനുമതി നല്‍കി.
വാര്‍ധക്യ പെന്‍ഷന് അപേക്ഷിക്കാനുള്ള പ്രായപരിധി 65 -ല്‍ നിന്നും 60 ആക്കി കുറച്ചു.
18 വയസിന് മുകളില്‍ ഉള്ള ആണ്‍കുട്ടികള്‍ ഉള്ളവര്‍ക്കും വിധവാ പെന്‍ഷന് അപേക്ഷിക്കാന്‍ നിബന്ധനകളില്‍ ഇളവ് വരുത്തി.
വിധവാ പെന്‍ഷന് അപേക്ഷിക്കാനുള്ള വരുമാന പരിധി 20,000 രൂപയില്‍ നിന്നും 1 ലക്ഷം രൂപ ആയി ഉയര്‍ത്തി.
പെന്‍ഷന് അര്‍ഹരായവരെ കണ്ടെത്താന്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചു.
ഒരു ലക്ഷത്തില്‍ അധികം വരുമാനം ഉള്ള 60 വയസ് കഴിഞ്ഞവര്‍ക്ക് ചെറുകിട കര്‍ഷക പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇതിലൂടെ 60 വയസ് കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും പെന്‍ഷന്‍ ഉറപ്പ് വരുത്തി.
ഇത്തരത്തില്‍ അർഹരായ കൂടുതല്‍ പേരെ കണ്ടെത്താനും അവർക്ക് പെന്‍ഷന്‍ നല്‍കുകയുമാണ് ഉമ്മന്‍ ചാണ്ടി സർക്കാർ ചെയ്തത്.
2021 ല്‍ പിണറായി സർക്കാരിന്‍റെ ഭരണം അവസാനിക്കുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 49,40,631. പെന്‍ഷന് അർഹരായവരുടെ എണ്ണത്തിലുണ്ടായ വർധനവ് 28 ശതമാനം മാത്രമാണ്. ഉമ്മന്‍ ചാണ്ടി സർക്കാരിന്‍റെ കാലത്ത് വർധനവ് 240 ശതമാനമായിരുന്നു. ക്ഷേമപെന്‍ഷന്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ പിണറായി സർക്കാർ കൊണ്ടു വന്ന ജനദ്രോഹ നിബന്ധനകള്‍ കൂടി പരിശോധിക്കാം.
പിണറായി സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകള്‍ :
ഇരട്ട പെന്‍ഷന്‍ റദ്ദാക്കിയതിലൂടെ ലക്ഷക്കണക്കിന് ഗുണഭോക്താക്കാള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന വരുമാനം നിലച്ചു.
ഒന്നര ലക്ഷത്തില്‍ താഴെ വരുമാനമുള്ളവർക്ക് മാത്രമായി കർഷക പെന്‍ഷന്‍ നിജപ്പെടുത്തി.
ഭർത്താവ് ഉപേക്ഷിച്ചവർക്കുള്ള പെന്‍ഷന്‍ നിറുത്തലാക്കി.
2017 മെയ് 31 മുതല്‍ പെന്‍ഷന്‍ സോഫ്റ്റ് വെയര്‍ നിർത്തിവെച്ചതിലൂടെ 3,40,000 പേര്‍ക്ക് ഒന്നര വർഷം പെന്‍ഷന്‍ കിട്ടാത്ത സാഹചര്യം ഉണ്ടാക്കി.
വിധവകള്‍ പുനര്‍ വിവാഹിതയല്ല എന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യ പത്രം വര്‍ഷം തോറും സമര്‍പ്പിക്കണമെന്ന നിബന്ധന കൊണ്ടുവന്നു.
ഏതൊക്കെ തരത്തില്‍ അർഹരായവരിലേക്ക് ക്ഷേമപെന്‍ഷന്‍ എത്തിക്കാം എന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ചിന്തിക്കുകയും അത് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തപ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ എത്രയും കുറവ് ആള്‍ക്കാർക്ക് മാത്രമായി നിജപ്പെടുത്താം എന്നാണ് എല്‍ഡിഎഫ് സർക്കാർ ചിന്തിച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.വസ്തുതത ഇതായിരിക്കെ യാഥാർത്ഥ്യം മറച്ചുവെച്ച് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പുകമറ സൃഷ്ടിക്കാനാണ് പിണറായി സർക്കാരിന്‍റെ ശ്രമം.