വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കൈരളി ചാനലിനെതിരെ കെ.സുധാകരന്‍ എം.പി വക്കീല്‍ നോട്ടീസ് നല്‍കി

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതില്‍ കൈരളി ന്യൂസ് ചാനലിനെതിരെ കെ.സുധാകരന്‍ എം.പി വക്കീല്‍ നോട്ടീസ് നല്‍കി. ചാനലിന്‍റെ മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, ഡയറക്ടർ എൻ.പി ചന്ദ്രശേഖരൻ, റിപ്പോർട്ടർ പി.വി.കുട്ടൻ, അവതാരകൻ ആനന്ദ് മോഹൻ എന്നിവർക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്.

ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ആംബുലൻസ് സർവ്വീസുകൾ ദുരുപയോഗം ചെയ്ത് കെ. സുധാകരൻ എം.പിയുടെ നിർദ്ദേശപ്രകാരം പണം വാങ്ങി മനുഷ്യകടത്ത് നടത്തുന്നു എന്ന തെറ്റായ വാർത്ത കഴിഞ്ഞ മെയ് പതിനാറിനായിരുന്നു കൈരളി ചാനല്‍ പ്രക്ഷേപണം ചെയ്തത്.

എന്നാല്‍  കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനത്തിന് പോയ ഒരു ഭക്തൻ ലോക്ഡൗണില്‍ കുടുങ്ങി, മാനസികനില തകരാറിലായി ബുദ്ധിമുട്ടുമ്പോൾ തിരികെ നാട്ടിൽ കൊണ്ടുവന്ന ജീവകാരുണ്യ പ്രവർത്തനത്തിനെയാണ് മനുഷ്യക്കടത്തെന്ന പേരിൽ വ്യാജ ആരോപണവുമായി  ചാനൽ വാർത്ത പ്രക്ഷേപണം ചെയ്തതെന്ന് കെ. സുധാകരന്‍ എം.പി ഫേസ്ബുക്കില്‍ കുറിച്ചു.

നോട്ടീസ് കൈപ്പറ്റി പത്ത് ദിവസത്തിനുള്ളിൽ വാർത്താമാധ്യമങ്ങളിലൂടെ ചാനൽ അധികൃതർ നിരുപാധികം മാപ്പുപറയേണ്ടതാണെന്നും അല്ലാത്ത സാഹചര്യത്തിൽ ഐപിസി 500 പ്രകാരം മാനനഷ്ടത്തിന് സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്യുന്നതും, ചാനലിന്‍റെ ലൈസൻസ് റദ്ദാക്കാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment